ദളപതി 65 ൽ ഷൈൻ ടോം ചാക്കോ. വിജയിയുടെ 65-ാം ചിത്രമായ ദളപതി 65 എന്ന് താത്ക്കാലികമായി പേരിട്ട് ചിത്രീകരണം ആരംഭിച്ച സിനിമയിൽ അഭിനയിക്കാനൊരുങ്ങി മലയാളി നടൻ ഷൈൻ ടോം ചാക്കോ ( Shine Tom Chacko In Thalapathy 65. അനുഗ്രഹീതൻ ആൻറ്റണി, ഓപ്പറേഷൻ ജാവ, ഇഷ്ക്, ഉണ്ട, ഇതിഹാസ, ലവ് തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഷൈൻ. റോയ്, വെല്ലപ്പം, കുറുപ്പ്, തേർഡ് വേൾഡ് ബോയ്സ് എന്നിവയാണ് ഷൈനിൻറ്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. ഷൈൻ അഭിനയിക്കുന്ന ആദ്യ ഇതര ഭാഷ ചിത്രം കൂടിയാണ് ദളപതി 65.
നയൻതാര നായികയായി എത്തിയ കോലമാവ് കോകില ഫെയിം നെൽസൺ ദിലീപ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനാവുന്ന ‘ഡോക്ടറി’നു ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജനീകാന്ത് നായകനായ അണ്ണാത്തെ എന്ന ചിത്രത്തിനുശേഷം സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഡിസംബറിലായിരുന്നു ചിത്രത്തിൻറ്റെ പ്രഖ്യാപനം.
മലയാളി താരം അപർണ ദാസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഞാൻ പ്രകാശൻ, മനോഹരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നടിയാണ് അപർണ ദാസ്. ദളപതി 65 ഏതു വിഭാഗത്തിൽ പെടുന്ന ചിത്രമാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഫൺ എൻറ്റർടെയ്നർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കോവിഡ് വിമുക്തയായ നടി ചെന്നൈയിൽ ചിത്രത്തിൻറ്റെ അടുത്ത ഘട്ട ഷൂട്ടിംഗിൽ ജോയിൻ ചെയ്യും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയിയുടെ റിലീസായ അവസാന ചിത്രം. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ചിത്രീകരണങ്ങൾ ജോർജിയയിലാണ് ഇപ്പോൾ നടക്കുന്നത്.