മോഹൻലാൽ വീണ്ടും ബോളിവുഡിലേക്ക്

കമ്പനി, ആഗ്, തേസ് എന്നീ ബോളിവുഡ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ബോളുവുഡിൽ അഭിനയിക്കാൻ ഒരുങ്ങി മോഹൻലാൽ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. മാപ്പിള ഖലാസ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഖലാസിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിഥീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

കപ്പൽ നിർമ്മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുത്തിരുന്ന കരുത്തരായ മനുഷ്യരെയാണ് ഖലാസികൾ എന്ന് പറയുന്നത്. മാപ്പിള ഖലാസികളുടെ വീരേതിഹാസ കഥ പറയുന്ന ചിത്രമാണ് മാപ്പിള ഖലാസ. മോഹൻലാലിന് പുറമേ രൺദീപ് ഹൂഡയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

ഒടിയൻ എന്ന ചിത്രത്തിന് ശേഷം വി എ ശ്രീകുമാർ മേനോനും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണ് മാപ്പിള ഖലാസ. കഴിഞ്ഞ സെപ്റ്റംബറിലാണ് ശ്രീകുമാർ മേനോൻ ഈ ചിത്രം പ്രഖ്യാപിച്ചത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന. 2002ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയ മോഹൻലാൽ പിന്നീട് ആഗ്, തേസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോഡാഡി എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ദൃശ്യത്തിന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന 12ത് മാൻ എന്ന ചിത്രവും പൂർത്തിയാക്കിയ ശേഷമേ മാപ്പിള ഖലാസിയിൽ അഭിനയിക്കൂ എന്നാണ് സൂചന. പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, ജിത്തു ജോസഫ് ഒരുക്കുന്ന റാം എന്നീ സിനിമകളിലും മോഹൻലാൽ തന്നെയാണ് നായകൻ.