1997 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം ആണ് അനിയത്തി പ്രാവ്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണിത്. വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിൻറ്റെ പുതുമ ഇതുവരെയും നഷ്ടപ്പെട്ടിട്ടില്ല. ചാക്കോച്ചനെ കുറിച്ചോ ശാലിനിയെ കുറിച്ചോ കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങളിൽ ഒന്നാണ് അനിയത്തിപ്രാവ്. സുധിയും മിനിയും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.
എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു എന്നും അച്ഛൻറ്റെ നിർബന്ധത്തിനു വഴങ്ങിയാണ് സിനിമ ചെയ്തത് എന്നും ആണ് ചാക്കോച്ചൻ പറയുന്നത്. ട്വൻറ്റിഫോറിന് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും ഇത് തനിക്കു പറ്റിയ പണിയല്ല എന്നാണ് വിചാരിച്ചിരുന്നത്. അങ്ങനെയാണ് അനിയത്തി പ്രാവ് വേണ്ടെന്ന് വച്ചത്. എന്നാൽ അച്ഛനും കൂട്ടുകാരും നിർബന്ധിച്ചപ്പോൾ സ്ക്രീൻ ടെസ്റ്റിനു പോയി. എന്നാൽ സംവിധായകൻ ഫാസിൽ താൻ തന്നെ മതി എന്നു തീരുമാനിക്കുകയായിരുന്നു. എന്നാൽ ചിത്രം സൂപ്പർഹിറ്റ് ആകുമെന്നോ വർഷങ്ങൾക്കിപ്പുറവും ഓർത്ത് വയ്ക്കുമെന്നോ ഒന്നും കരുതിയില്ല. കോളേജിൽ പോകുന്ന ലാഘവത്തോടെയാണ് സിനിമ സെറ്റിലും പോയിരുന്നത് എന്നുമാണ് ചാക്കോച്ചൻ പറയുന്നത്.
സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെക്കുറിച്ചും ചാക്കോച്ചൻ പറയുന്നുണ്ട്. തുടർച്ചയായി പരാജയങ്ങൾ സംഭവിച്ചപ്പോഴാണ് ഇടവേള എടുത്തത്. എല്ലാവരും തന്നെ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയതും ഈ സമയത്താണ്. സിനിമയിലേക്ക് തിരിച്ചവരാൻ തന്നെ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് ഭാര്യയാണെന്നും ചാക്കോച്ചൻ പറഞ്ഞു.
ചോക്ലേറ്റ് ഹീറോയായി സിനിമയിൽ എത്തിയ തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ തേടിവരുന്നത് ത്രില്ലർ ചിത്രങ്ങൾ ആണെന്നും അത് തന്നെ അതിശയിപ്പിക്കുന്നുണ്ടെന്നും ചാക്കോച്ചൻ പറഞ്ഞു. തൻറ്റെ അടുത്ത ചിത്രം ഭീമൻറ്റെ വഴിയും ഒരു വ്യത്യസ്തമായ ചിത്രമാണെന്നും ഇതുവരെ കാണാത്ത ഒരു ചാക്കോച്ചനെ ആയിരിക്കും പ്രേക്ഷകർക്ക് കാണാൻ കഴിയുന്നതെന്നും താരം പറഞ്ഞു.