ഒടിടി റിലീസിന് ഒരുങ്ങി ഫാമിലി ഡ്രാമ #ഹോം

ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി റോജിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് #ഹോം. ഫാമിലി ഡ്രാമയായി ഒരുക്കിയിരിക്കുന്ന #ഹോം ഓഗസ്റ്റ് 19 ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവർക്ക് പുറമേ മഞ്ജു പിള്ള, നെൽസൺ, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആൻറ്റണി, പോളി വിൽസൺ, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, അജു വർഗ്ഗീസ്, കിരൺ അരവിന്ദാക്ഷൻ, ചിത്ര, പ്രിയങ്ക നൈറിൻ തുടങ്ങീ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഫ്രൈഡേ ഫിലിം ഹൌസിൻറ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. വിനയശീലമുള്ളതും എന്നാൽ സാങ്കേതിക പരിമിതികളുമുള്ള ആളായ ഒലിവർ എന്ന വയോധികൻറ്റെ കഥയാണ് ഹോം ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ദ്രൻസാണ് ചിത്രത്തിൽ ഒലിവർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ കാലഘട്ടത്തിൽ ഏറേ പ്രസക്തമായ ചിത്രം ഒരുക്കാനുള്ള ശ്രമമാണ് ഹോം എന്ന് ചിത്രത്തിൻറ്റെ

സംവിധായകൻ വ്യക്തമാക്കി. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ അറിയാതെ ഇൻറ്റർനെറ്റിൽ പെട്ടുപോകുന്ന കുടുംബങ്ങളുടെ സ്പന്ദനമാണ് ചിത്രം പറയുന്നത്. കഠിന പരിശ്രമത്തിൻറ്റെയും സിനിമയോടുള്ള അഭിനിവേശത്തിൻറ്റെയും ഫലമായി രൂപപ്പെട്ട ചിത്രം ആമസോൺ പ്രൈം വീഡിയോ പോലുള്ള ഗ്ലോബൽ സ്ട്രീമിംങ് സർവ്വീസിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ചിത്രത്തിൽ നിന്ന് ശരിയായ സന്ദേശമായിരിക്കും പ്രേക്ഷകർ സ്വീകരിക്കുക എന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.
പ്രേക്ഷകർക്ക് ചിന്തിക്കാൻ അവസരം നൽകുന്ന സാമൂഹ്യപ്രസക്തമായ ചിത്രം ഒരുക്കുക എന്ന ലക്ഷ്യമാണ് ഹോമിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് ചിത്രത്തിൻറ്റെ നിർമ്മാതാവ് വിജയ് ബാബുവും അഭിപ്രായപ്പെട്ടു.