ഉടൻ വിവാഹമില്ലെന്നും കരിയറിൽ ശ്രദ്ധിക്കുന്നുവെന്നും ബിഗ് ബോസ് വിജയി മണിക്കുട്ടൻ

മലയാളത്തിൽ ഏറേ ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് സീസൺ 3 അവസാനിച്ചപ്പോൾ വിജയകിരീടം നേടിയത് മണിക്കുട്ടനായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് മണിക്കുട്ടൻ. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ മണിക്കുട്ടൻ ശ്രദ്ദേയനായി. ബോയ് ഫ്രണ്ട്, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷം കൈകാര്യം ചെയ്തു. മോഹൻലാലിനൊപ്പം അഭിനയിച്ച മരക്കാർ ആണ് ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ ബിഗ് ബോസ് വിജയിയായ ശേഷം ഷോയെക്കുറിച്ചും ആരാധകരെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചുമെല്ലാം വ്യക്തമാക്കിയിരിക്കുകയാണ് മണിക്കുട്ടൻ. “ ബിഗ്ബോസ് വീട്ടിൽ ഓരോ ദിവസവും നിന്നുപോവുക എന്ന നിലയ്ക്കാണ് ചിന്തിച്ചത്. നൂറാം ദിവസത്തെക്കുറിച്ചോ വിജയനിമിഷത്തെക്കുറിച്ചോ ഒന്നും ആലോചിച്ചിരുന്നില്ല. കിട്ടുന്ന ടാസ്ക്കുകൾ നന്നായി ചെയ്യാനും ഞാനായിത്തന്നെ നിൽക്കാനുമാണ് ശ്രമിച്ചത്. നമ്മുടെ ജീവിതത്തിലെ 100 ദിവസം ബിഗ് ബോസ് ഹൌസിൽ ജീവിക്കാൻ പറ്റി. അങ്ങനെയാണ് ഈ ഷോയെ ഞാൻ നോക്കി കണ്ടത്. ശക്തരും കഴിവുള്ളവരും ആയിരുന്നു മത്സരാർഥികൾ. അവരുടെ ഇടയിൽ നിന്നും ഫൈനൽ ഫൈവിൽ എത്തുക ടൈറ്റിൽ വിജയിക്കുക എന്ന് പറയുന്നത് എൻറ്റെ മാത്രം വിജയമല്ല. 10 കോടിയോളം വോട്ടിലാണ് ജയിച്ചിരിക്കുന്നത്. ലോക്ക്ഡൌൺ ബുദ്ധിമുട്ടുകൾക്കിടയിലും പ്രേക്ഷകർ നമ്മുടെ ഈ പ്രോഗ്രാം കണ്ട് എൻറ്റർടെൻഡ് ആയി നമുക്ക് വേണ്ടി വോട്ട് ചെയ്തു എന്ന് പറയുന്നത് വലിയൊരു അനുഗ്രഹമായി തോനുന്നു. ബിഗ് ബോസ് വിന്നർ ആവുക എന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. ഇത്രയും വോട്ടുകളിൽ ജയിക്കുമ്പോൾ അതിലും വലിയ സന്തോഷമുണ്ട്.”

പുതുതായി ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. ബിഗ് ബോസ് വിജയിയായി പ്രേക്ഷകർ എത്തിച്ചു നിർത്തിയിരിക്കുകയാണ് ഇപ്പോൾ. സിനിമയിൽ അടുത്ത ചുവട് വെക്കാനുള്ള ശ്രമത്തിലാണ്. വന്നാൽ നോക്കാമെന്നാല്ലാതെ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ഒരു പദ്ധതിയും മനസ്സിൽ ഇല്ല. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപത്തേതുപോലെയാണ് ഞാൻ ജീവിതത്തിൽ ഇപ്പോഴും നിൽക്കുന്നത്. കരിയറിലായിരിക്കും ശ്രദ്ധ എന്നും മണിക്കുട്ടൻ വ്യക്തമാക്കി.