മോഹൻലാൽ നായകനായി എത്തുന്ന പുതിയ സ്പോർട്സ് ഡ്രാമയെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ

മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ പ്രിയദർശനും മോഹൻലാലും ഒരുമിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രം ഒരു സ്പോർട്സ് ഡ്രാമയാണെന്നും മോഹൻലാൽ ബോക്സറായാണ് ചിത്രത്തിൽ വേഷമിടുന്നതെന്നും നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിൻറ്റെ ബോക്സർ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

“ ഒരു ബോക്സറുടെ കഥയാണിത്. പ്രശസ്തിയിലേക്കുള്ള അയാളുടെ ഉയർച്ചയും പിന്നീട് ഉണ്ടാവുന്ന താഴ്ചയും. മോഹൻലാലും ഞാനും ചേർന്ന് എല്ലാത്തരത്തിലുമുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഒരു സ്പോർട്സ് സിനിമ ഞങ്ങൾ ചെയ്തിട്ടില്ല. ചിത്രത്തിലെ കഥാപാത്രത്തിനായി മോഹൻലാൽ വലിയ രീതിയിൽ ശരീരം ഒരുക്കിയെടുക്കേണ്ടതുണ്ട്. ലാൽ ആദ്യം 15 കിലോ ശരീരഭാരം കുറയ്ക്കണം. പിന്നീട് അത് തിരിച്ചുപിടിക്കണം. അത് കൂടാതെ പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട പ്രായമാവുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടിവരിക.” മാർട്ടിൻ സ്കോർസെസെയുടെ സംവിധാനത്തിൽ റോബർട്ട് ഡി നീറോ നായകനായി എത്തിയ റേജിംഗ് ബുൾ എന്ന ഹോളിവുഡ് ചിത്രം തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുണ്ടെന്നും പുതിയ ചിത്രം തങ്ങളുടെ റേജിംഗ് ബുൾ ആയിരിക്കുമെന്നും പ്രിയദർശൻ വ്യക്തമാക്കി.

അമേരിക്കൻ പ്രൊഫഷണൽ ബോക്സറും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായിരുന്ന ജേക് ലമോട്ടയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് റേജിംഗ് ബുൾ. 1980 ലാണ് മാർട്ടിൻ സ്കോർസെസെ ഈ ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയിലെ അഭിനയത്തിന് റോബർട്ട് ഡി നീറോയ്ക്ക് മികച്ച നടനുള്ള ഓസ്കാറും ലഭിച്ചിരുന്നു. മറ്റനവധി അന്തർദേശീയ പുരസ്ക്കാരങ്ങൾക്ക് പുറമേ മികച്ച എഡിറ്റിംങിനുള്ള ഓസ്കാറും നേടിയ ചിത്രമാണ് റേജിംഗ് ബുൾ.