ആർ ജെ ബാലാജിയുടെ നായികയായി അപർണ ബാലമുരളി

സൂറാറൈ പോട്ര് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും തമിഴ് സിനിമയിൽ നായികയാകാൻ ഒരുങ്ങി അപർണ ബാലമുരളി. വീട്ടിലെ വിശേഷങ്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അപർണ വീണ്ടും നായികയായി എത്തുന്നത്. ദേവി, ഇതു എന്ന മായം, ദിയ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ ജെ ബാലാജിയാണ് ചിത്രത്തിലെ നായകൻ. ബധാനി ഹോ എന്ന ബോളിവുഡ് സിനിമയുടെ തമിഴ് റീമേക്കാണ് വീട്ടിലെ വിശേഷങ്ക്. ബേ വ്യൂ പ്രൊജക്ട്സ് എൽ എൽ പിയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

ഉർവശി, സത്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. സിനിമയുടെ ഷൂട്ടിംങ് ആഗസ്റ്റിൽ ആരംഭിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എന്നാൽ സിനിമയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് അപർണ തമിഴ് സിനിമയിൽ അരങ്ങേറിയെങ്കിലും സൂറാറൈ പോട്ര് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. സൂര്യ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. .സൂറാറൈ പോട്ര് എന്ന ചിത്രത്തിന് ശേഷം നിരവധി തമിഴ് സിനിമകളിൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും വീട്ടിലെ വിശേഷങ്ക് എന്ന ചിത്രമാണ് അപർണ തിരഞ്ഞെടുത്തത്. അശോക് സെൽവൻ നായകനായി എത്തുന്ന മറ്റൊരു തമിഴ് ചിത്രത്തിലാണ് അപർണ ഇപ്പോൾ അഭിനയിക്കുന്നത് എന്നാണ് സൂചന. സിനിമയുടെ പേര് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.