തെന്നിന്ത്യയിലുൾപ്പെടെ ധാരാളം ആരാധകരുള്ള ഒരു നടിയാണ് ശാലിനി. നിറം, അനിയത്തി പ്രാവ്, പ്രേം പൂജാരി, സുന്ദര കില്ലാടി തുടങ്ങീയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശാലിനി. മലയാളത്തിന് പുറമേ നിരവധി തമിഴ് സിനിമകളിലും നായികയായി ശാലിനി വേഷമിട്ടിരുന്നു. ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് ഒട്ടേറേ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയജീവിതത്തിലേക്ക് തിരികെയെത്തുകയാണ് താരം. മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് ശാലിനി തിരിച്ചെത്തുന്നത്. കൽകി കൃഷ്ണമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി നിർമ്മിക്കുന്ന ഒരു എപിക് ഹിസ്റ്റോറിക്കൽ ഡ്രാമയാണ് പൊന്നിയിൽ സെൽവം. അതിഥി വേഷത്തിലാണ് താരം എത്തുന്നതെങ്കിലും വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിൽ സെൽവൻ. വിക്രം, ഐശ്വര്യ റായ്, ജയം രവി, തൃഷ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, കിഷോർ, അശ്വിൻ എന്നിവർക്ക് പുറമേ മലയാളി താരങ്ങളായ ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാൻ, ബാബു ആൻറ്റണി എന്നിവരും അണിനിരക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിൻറ്റെ ആദ്യ ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മണി രത്നവും കുമാരവേലും ചേർന്നാണ്. ചിത്രത്തിൻറ്റെ സംഭാഷണം ജയമോഹൻ, ഛായാഗ്രഹണം രവി വർമ്മൻ, സംഗീത സംവിധാനം എ ആർ റഹ്മാൻ, എഡിറ്റിംങ് ശ്രീകർ പ്രസാദ്, ആക്ഷൻ ശ്യാം കൌശൽ, കലാസംവിധാനം വാസിം ഖാൻ തോട്ട ധരണി, വസ്ത്രാലങ്കാരം ഏക ലഖാനി, നൃത്ത സംവിധാനം ബൃന്ദ എന്നിവരും നിർവ്വഹിക്കുന്നു.