‘ കാപ്പ ’ യിൽ പൃഥ്വിയും മഞ്ജു വാര്യരും. ഒപ്പം അന്ന ബെന്നും ആസിഫ് അലിയും.

പൃഥ്വിരാജിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പ. ആദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ യുവതാരങ്ങളായ അന്ന ബെന്നും ആസിഫ് അലിയും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ രാച്ചിയമ്മക്കു ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. ദയ എന്ന പെൺകുട്ടി, മുന്നറിയിപ്പ്, കാർബൺ എന്നിവ ആണ് വേണു മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. സാനു ജോൺ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ജീ ആർ ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിൻറ്റെ കഥയും അവരുടെ പ്രതികാരവുമാണ് നോവലിൽ പറയുന്നത്. തിരുവനന്തപുരം തന്നെ ആയിരിക്കും ചിത്രത്തിൻറ്റെയും പശ്ചാത്തലം. ജി ആർ ഇന്ദുഗോപൻ തന്നെ ആണ് ചിത്രത്തിൻറ്റെ തിരക്കഥയും ഒരുക്കുന്നത്.

ഇന്ദുഗോപൻറ്റെ മറ്റൊരു കഥയും സിനിമ ആകുന്നുണ്ട്. അമ്മിണി പിള്ള വെട്ടു കേസ് എന്ന കഥയെ ആധാരമാക്കി തെക്കൻ തല്ലു കേസ് എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. ബിജു മേനോൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എൻ ശ്രീജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പദ്മപ്രിയ, റോഷൻ മാത്യൂ, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂസിഫറിനു ശേഷം മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ് ഇപ്പോൾ. കാപ്പയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.