ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറ്റെ 1983 ലോകകപ്പിലെ ചരിത്ര വിജയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് 83. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രൺവീർ സിങ്ങാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റനും ക്രിക്കറ്റിലെ മികച്ച ഓൾ റൌണ്ടർമാരിൽ ഓരാളുമായ കപിൽ ദേവിനെയാണ് രൺവീർ സിംങ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡിസംബർ 24നാണ് ചിത്രത്തിൻറ്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചിത്രത്തിൻറ്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിൻറ്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറ്റെ ചരിത്ര നേട്ടത്തിൻറ്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിൻറ്റെ ടീസർ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തൻറ്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന വാർത്ത പൃഥ്വിരാജ് പ്രൊഡക്ഷൻസ് പുറത്ത് വിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി യോജിക്കാനായതിൽ ഏറേ സന്തോഷമുണ്ടെന്ന് ചിത്രത്തിൻറ്റെ സംവിധായകൻ കബീർ ഖാൻ വ്യക്തമാക്കി.
സ്പോർട്സ് ഡ്രാമ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, താഹിർ രാജ് ഭാസിൻ, ജതിൻ സർന തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. റിലയൻസ് എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ കബീർ ഖാൻ, മധു മന്തേര, വിഷ്ണു ഇന്ദൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.