കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ആളുകൾക്ക് സഹായവുമായി നടൻ ഉണ്ണി മുകുന്ദൻ. 50,000 രൂപയുടെ ഭക്ഷ്യകിറ്റാണ് തൻറ്റെ ഫാൻസ് മുഖാന്തരം വിതരണം ചെയ്യാൻ താരം ഏർപ്പെടുത്തിയത്. തൻറ്റെ സോഷ്യൽ മീഡിയയിൽ സഹായിക്കാമോ എന്ന് കമൻറ്റ് ചെയ്തത് താരത്തിൻറ്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് തൻറ്റെ ഫാൻസ് വഴി കിറ്റുകൾ തയ്യാറാക്കി നൽകുകയായിരുന്നു. കോഴിക്കോട്, രാമാനാട്ടുകരയിലെ ഫാൻസ് വഴിയാണ് 50 ൽ പരം കിറ്റുകൾ തയ്യാറാക്കിയത്. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ റവ, ആട്ട, ചായപ്പൊടി, പഞ്ചസാര, കിഴങ്ങ്, സവോള, അരലിറ്റർ വെളിച്ചെണ്ണ, വാഷിംഗ് സോപ്പ് എന്നിവയാണ് കിറ്റിൽ ഉണ്ടായിരുന്നത്. തുടർന്ന് 50,000 രൂപയോളം വരുന്ന ഈ കിറ്റുകൾ ശ്രീ വൈകുണ്ഠം ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തിൽ തങ്ങളെയും പങ്കുകാരാക്കിയതിനു ഉണ്ണി മുകുന്ദനും ഉണ്ണി മുകുന്ദൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനും ശ്രീ വൈകുണ്ഠം ചാരിറ്റബിൾ ട്രസ്റ്റ് നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ കൊവിഡ് മൂലം കഷ്ടതയനുഭവിക്കുന്ന ആളുകൾക്ക് ഈ കിറ്റുകൾ വിതരണം ചെയ്ത് തുടങ്ങും.
തൻറ്റെ ആരാധകരുമായി നല്ല സൌഹൃദം കാത്തുസൂക്ഷിക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ. ഈയിടയായി തൻറ്റെ ഇൻസ്റ്റഗ്രാമിൽ വന്ന് ഒന്ന് ഫോളോ ചെയ്യുമോ എന്ന് ചോദിച്ച ആരാധകരെ ഉണ്ണി മുകുന്ദൻ തിരിച്ച് ഫോളോ ചെയ്യാൻ തുടങ്ങിയിരുന്നു. കുറച്ചുനാളുകൾക്ക് മുമ്പ് ‘കൂളിംഗ് ഗ്ലാസ് തരുമോ’ എന്ന് ചോദിച്ച ആരാധകനു നടൻ കൂളിംഗ് ഗ്ലാസ് കൊടുത്തതും വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ലോക്ക്ഡൌൺ കാലത്ത് ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് ഉണ്ണി മറുപടി കൊടുത്തതും വൈറലായിരുന്നു. തൻറ്റെ ആരാധകർക്കുവേണ്ടി വളരെയധികം സമയം ചിലവഴിക്കുന്ന ഒരാളാണ് ഉണ്ണി മുകുന്ദൻ.
മേപ്പടിയാൻ, ഭ്രമം എന്നിവയാണ് ഉണ്ണിയുടെ ഇനി റിലീസ് ആവാൻ ഇരിക്കുന്ന ചിത്രങ്ങൾ. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ ജയകൃഷ്ണൻ എന്ന ഒരു മെക്കാനിക്കിനെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.