ബോളുവുഡ് നടന്മാർ തൻറ്റെ പുതിയ ചിത്രം നിരസിച്ചതിൽ വിഷമമില്ലെന്ന് സംവിധായകൻ പ്രിയദർശൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളത്തിന് പുറമേ ബോളിവുഡിലും നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളയാളാണ് അദ്ധേഹം. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഹുങ്കാമ 2. മോഹൻലാൽ നായകനായി എത്തിയ മിന്നാരം എന്ന ചിത്രത്തിൻറ്റെ ഹിന്ദി പതിപ്പാണ് ഹുങ്കാമ 2. റൊമാൻറ്റിക്ക് കോമഡി ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പരേഷ് റവാലും ശിൽപ ഷെട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം 23ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹുങ്കാമ 2 എന്ന ചിത്രം ബോളിവുഡ് നടന്മാരായ കാർത്തിക്ക് ആര്യൻ, സിദ്ധാർത്ഥ് മൽഹോത്ര, ആയ്ഷ്മാൻ ഖുറാന എന്നിവർ നിഷേധിച്ചിരുന്നു എന്ന് വാർത്തകൾ വന്നതിന് പിന്നാലെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിൻറ്റെ സംവിധായകൻ പ്രിയദർശൻ.

“ആ യുവ നടന്മാർക്ക് എന്നിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് അവർ എൻറ്റെ സിനിമ ചെയ്യാൻ തയ്യാറാവാതിരുന്നത്. അതിൽ എനിക്ക് പരാതിയില്ല. അവരെ കുറ്റപ്പെടുത്തുകയുമില്ല. സൌത്ത് സിനിമാ ലോകത്ത് എനിക്കിത്തരം അനുഭവം ഉണ്ടായിട്ടില്ല. എന്തെന്നാൽ എൻറ്റെ സിനിമകളെക്കുറിച്ച് അവർക്ക് അറിയാം. പക്ഷേ ബോളിവുഡ് നടൻമാർ പ്രത്യേകിച്ചും ഇപ്പോൾ ഉള്ളവർ അവർക്ക് സംവിധായകരിൽ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ സിനിമകൾ ചെയ്യുകയുള്ളൂ. അവർക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഇൻട്രാക്ഷനും ഉണ്ടായിരിക്കണം. എനിക്ക് എന്നെ കുറിച്ച് നന്നായി അറിയാം. എൻറ്റെ സിനിമകൾ എന്തായിരിക്കും എന്ന കാര്യത്തിലും എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഞാൻ ഔട്ട്ഡേറ്റഡ് സംവിധായകനാണെന്ന് അവർ കരുതിക്കാണും. എന്തെന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ബോളിവുഡ് സിനിമകൾ ചെയ്തിട്ടില്ല. ഒരു പക്ഷേ അക്കാരണങ്ങൾ എല്ലാം കൊണ്ടാവാം അവർ എന്നെ നിഷേധിച്ചത്.”