CINEMA NEWS

‘യശോദ’യായി സാമന്ത, ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രത്തിൻറ്റെ ചിത്രീകരണം ആരംഭിച്ചു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരറാണിയാണ് സാമന്ത. ഗൌതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ സാമന്ത നായികയായി എത്തി. ഇപ്പോൾ സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രത്തിൻറ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ജാനു എന്ന ചിത്രത്തിനു ശേഷം സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന യശോദ എന്ന ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സംവിധായകരായ ഹരി – ഹരീഷ് ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് യശോദ. ഉണ്ണിമുകുന്ദൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷ ചിത്രമാണ് യശോദ. ഹൈദരബാദിൽ ആണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2022 മാർച്ച് ആവസാനത്തോടെ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് പൂർത്തിയാകും. ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ശ്രീദേവി മൂവിസിൻറ്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. മണി ശർമ്മയാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എം സുകുമാർ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രാഹകൻ.
ജാനു എന്ന ചിത്രത്തിലാണ് സാമന്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അല്ലു അർജ്ജുൻ നായകനായി എത്തുന്ന പുഷ്പ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും സാമന്ത അഭിനയിച്ചിരുന്നു. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന ചിത്രമാണ് സാമന്ത അവസാനമായി പൂർത്തിയാക്കിയത്. നവാഗതനായ ശാന്തരൂപൻ ജ്ഞാനശേഖരൻറ്റെ മറ്റൊരു ചിത്രവും സാമന്തയുടേതായി റിലീസ് ചെയ്യാനുണ്ട്. ഇതിനുപുറമേ ബാഫ്റ്റ് അവാർഡ് ജേതാവായ ഫിലിപ്പ് ജോണിൻറ്റെ ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്ന സന്തോഷവും സാമന്ത അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.