GENERAL NEWS

കന്നഡ സിനിമാപ്രവർത്തകർക്ക് ഒന്നരക്കോടിയുടെ സഹായവുമായി യഷ്

കൊവിഡ് മഹാമാരി മൂലം കഷ്ടതയനുഭവിക്കുന്ന തൻറ്റെ സഹപ്രവർത്തകർക്ക് ഒന്നരക്കോടി രൂപയുടെ സഹായവുമായി കന്നഡ സൂപ്പർതാരം യഷ്. കന്നഡ സിനിമയിലെ ഇരുപത്തി ഒന്ന് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന മൂവായിരത്തിലധികം വരുന്ന ജോലിക്കാർക്കാണ് യഷ് സഹായം വാഗ്ദാനം ചെയ്തത്. 5,000 രൂപ വീതം ഓരോരുത്തരുടെയും അക്കൌണ്ടുകളിലേക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം ഇക്കാര്യം അറിയിച്ചത്.

“ നമ്മുടെ രാജ്യത്ത് നിരവധി ആളുകളുടെ ജീവിതമാർഗ്ഗം ഇല്ലാതെ ആക്കിയ അദൃശ്യ ശത്രുവാണ് കൊവിഡ് 19 എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. എൻറ്റെ സ്വന്തം കന്നഡ സിനിമ മേഖലയെയും കൊവിഡ് വളരെ മോശമായി ബാധിച്ചു. ഈ ഗുരുതരമായ അവസ്ഥയിൽ കന്നഡ സിനിമ മേഖലയിലെ 21 വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന മൂവായിരത്തോളം വരുന്ന എൻറ്റെ സഹപ്രവർത്തകർക്ക് എൻറ്റെ സമ്പാദ്യത്തിൽ നിന്നും 5000 രൂപ വീതം അവരുടെ അക്കൌണ്ടുകളിലേക്ക് ഞാൻ സംഭാവന ചെയ്യും. കൊവിഡ് മൂലം ഉണ്ടായ നഷ്ടങ്ങൾക്കും വേദനയ്ക്കും ഇത് പകരം ആവില്ലെന്ന് എനിക്ക് അറിയാം. പക്ഷേ അതൊരു പ്രതീക്ഷയാണ്. നല്ല ഒരു നാളയെക്കുറിച്ചുള്ള പ്രതീക്ഷ.”

കെജിഎഫ് 2 ആണ് ഇനി യഷിൻറ്റെ റിലീസാവുനുള്ള ചിത്രം. ജൂലൈ 16 നായിരുന്നു ചിത്രത്തിൻറ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിൻറ്റെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. ജൂലൈ 16 ന് ചിത്രത്തിൻറ്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെജിഎഫ് ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. അതുകൊണ്ട് തന്നെ കെജിഎഫ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കെജിഎഫിലൂടെയാണ് യഷിനും ഏറെ ആരാധകരെ ലഭിച്ചത്. കെജിഎഫ് 2 വിൻറ്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.