CINEMA NEWS

ദിലീപേട്ടനുള്ളതുകൊണ്ട് സംവിധായകനായി, തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസൻ.

നടൻ, ഗായകൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലൂടെ മലയാള സിനിമയിൽ സജീവമായ താരമാണ് വിനീത് ശ്രീനിവാസൻ. പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെ ആണ് വിനീത് പിന്നണി ഗായകനാകുന്നത്. പിന്നീട് ഒട്ടേറെ ഗാനങ്ങളിലൂടെ വിനീത് മലയാളികൾക്ക് പ്രിയങ്കരനായി മാറി.

2008 ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലൂടെ ആണ് വിനീത് അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് നിവിൻ പോളി നായകനായി എത്തിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ആണ് വിനീത് സംവിധായകനാകുന്നത്. ഇപ്പോഴിതാ വിനീത് താൻ ആദ്യ സിനിമ സംവിധാനം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഗായകനായി, നടനായി. 30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ ചെയ്യാനായിരുന്നു എൻറ്റെ ആഗ്രഹം. പക്ഷേ ഒരു നല്ല കഥ കിട്ടി. ദിലീപേട്ടൻ ആ സിനിമ നിർമ്മിക്കാനും തയ്യാറായി. അങ്ങനെയാണ് 26-ാമത്തെ വയസ്സിൽ ഞാൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.

മലർവാടിയുടെ ചിത്രീകരണസമയത്ത് 19 മണിക്കൂർ വരെ ഞാൻ ഒരു ദിവസം ജോലി ചെയ്തിട്ടുണ്ട്. ഒരു സീൻ എഴുതി ശരിയാകാൻ ഒരു മാസം വരെ സമയം എടുത്തിട്ടുണ്ട്. എഴുത്ത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് എനിക്ക് അച്ഛനോടുള്ള ബഹുമാനം കൂടിയത്. ഞാൻ കഥയുണ്ടാക്കിയിട്ട് ആദ്യം പറഞ്ഞത് ദുൽഖറിനോടായിരുന്നു.

ചെന്നൈയിൽ പഠിച്ചിരുന്ന കാലത്താണ് ഞാൻ ക്ലാസിക് സിനിമകൾ കണ്ടുതുടങ്ങിയത്. ഇത് അച്ഛൻ ശ്രദ്ധിച്ചു. കുറച്ചുകൂടി സിരീയസ് സിനിമകൾ കാണാൻ നിർദ്ദേശിച്ചത് അച്ഛനാണ്.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർഷന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഹൃദയം ആണ് വിനീത് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.