നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് അൽഫോൺസ് പുത്രൻ. പ്രേമം റിലീസ് ചെയ്ത് ഏറേ നാളുകൾക്ക് ശേഷമാണ് അൽഫോൺസ് പുത്രൻ തൻറ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. പൃഥ്വിരാജ് നായകനായി എത്തുന്ന ഗോൾഡാണ് അൽഫോൺസിൻറ്റെ പുതിയ ചിത്രം. ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ അൽഫോൺസ് പുത്രനെക്കുറിച്ചുള്ള ഇളയദളപതി വിജയിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തൻറ്റെ പുതിയ ചിത്രം ബീസ്റ്റിൻറ്റെ റിലീസിന് മുന്നോടിയായി വിജയ് നൽകിയ അഭിമുഖത്തിലാണ് വിജയ് ഈ കാര്യം തുറന്ന് പറഞ്ഞത്.
“ പ്രേമം സംവിധായകൻ അൽഫോൺസ് പുത്രൻ ഒരിക്കൽ എന്നെ കാണണമെന്നു പറഞ്ഞു. അവൻ എന്നോട് കഥ പറയാൻ വന്നതാണെന്ന് കരുതി ഞാൻ കൂടിക്കാഴ്ചയ്ക്ക് സമയം നൽകി. പക്ഷേ സഞ്ജയിനോട് കഥ പറയാൻ വന്നതായിരന്നു അദ്ദേഹം. അതൊരു ക്യൂട്ട് കഥയായിരുന്നു. അടുത്ത വീട്ടിലെ പയ്യൻ എന്നൊക്കെ പറയുന്നതുപോലെ ഒരു കഥാപാത്രം. സഞ്ജയ് ആ സിനിമയോട് യെസ് പറയണമെന്ന് ഞാൻ രഹസ്യമായി ആഗ്രഹിച്ചിരുന്നു. പക്ഷേ തനിക്ക് കുറച്ച് വർഷങ്ങൾ കൂടി വേണമെന്നാണ് അവൻ പറഞ്ഞതെന്നും” വിജയ് വ്യക്തമാക്കി.
മകൻ തൻറ്റെ പാത പിന്തുടരുന്നത് കാണാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് വിജയ് അഭിമുഖത്തിനിടെ വ്യക്തമാക്കി. എന്നിരുന്നാലും തൻറ്റെ താൽപ്പര്യത്തിന് വേണ്ടി മകനെ സമ്മർദ്ദത്തിലാക്കിലെന്നും വിജയ് പറഞ്ഞു. ഈ മാസം 13നാണ് വിജയിയുടെ പുതിയ ചിത്രം ബീസ്റ്റിൻറ്റെ റിലീസ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജാ ഹെഡ്ജെയാണ് നായിക.