CINEMA NEWS

വാണി വിശ്വനാഥ് മടങ്ങിവരുന്നു. ക്രൈം ത്രില്ലർ ചിത്രത്തിൽ ബാബുരാജിൻറ്റെ നായികയായിട്ടാണ് മടങ്ങിവരവ്.

മലയാള സിനിമയിലെ ആക്ഷൻ റാണി എന്നറിയപ്പെടുന്ന താരമാണ് വാണി വിശ്വനാഥ്. ഇപ്പോഴിതാ ഏഴു വർഷത്തെ ഇടവേളക്കു ശേഷം ക്യാമറക്കു മുന്നിലേക്ക് മടങ്ങിയെത്തുകയാണ് പ്രേക്ഷകരുടെ പ്രിയതാരം. 2014 ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലെ അതിഥി വേഷത്തിനു ശേഷം താരം സിനിമയിൽ വിട്ടുനിൽക്കുകയായിരുന്നു. നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിലൂടെ ആണ് വാണിയുടെ മടങ്ങിവരവ്.
ദി ക്രിമിനൽ ലോയർ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിൻറ്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്നു. ഭർത്താവും നടനുമായ ബാബുരാജ് തന്നെ ആണ് ചിത്രത്തിലെ നായകൻ എന്നതാണ് മറ്റൊരു പ്രത്യേകത.
ഉമേഷ് എസ് മോഹനാണ് ചിത്രത്തിൻറ്റെ തിരക്കഥ തയ്യാറാക്കുന്നത്. തേർഡ് ഐ മീഡിയ മേക്കേഴ്സിൻറ്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. കൂടാതെ ജഗദീഷ്, സൂധീർ കരമന, ഷമ്മി തിലകൻ, അബൂസലിം, സുരേഷ് കൃഷ്ണ, ജോജി, സിന്ധു മനുവർമ്മ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ഷിനോയ് ഗോപിനാഥ്. വിഷ്ണു മോഹൻ സിത്താര ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ചിത്രത്തിൻറ്റെ ഷൂട്ടിംഗ് അടുത്ത മാസം തന്നെ ആരംഭിക്കുമെന്ന് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളും ആണ് ചിത്രത്തിൻറ്റെ ലൊക്കേഷൻ.

ഒരു നല്ല കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് വാണി വിശ്വനാഥ് പറഞ്ഞു. ഞാൻ ത്രില്ലർ, ക്രൈം ചിത്രങ്ങളുടെ ആരാധികയാണ്. ഈ സിനിമയുടെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ഇത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും വാണി പറഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ വാണി അഭിനയിച്ചിട്ടുണ്ട്. 2000 ൽ സൂസന്ന എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടിയിട്ടുണ്ട്.