മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം മിഥുനത്തിനു ശേഷം ഉർവശിയും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. അപ്പാത എന്നു പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഉർവശിയുടെ കരിയറിലെ 700-ാമത്തെ ചിത്രം കൂടിയാണിത്.
പ്രിയദർശൻ തന്നെ ആണ് ഈ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സിനിമ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും പ്രിയദർശൻ പങ്കുവച്ചിട്ടുണ്ട്. “മിഥുനത്തിനു ശേഷം ഏറെ നാളുകൾ കഴിഞ്ഞ് നടന്ന ഒത്തുചേരൽ. വരാനിരിക്കുന്ന തമിഴ് ചിത്രമായ അപ്പാതയിൽ വീണ്ടും ഒന്നിക്കുന്നു. ഉർവശിയുടെ 700-ാം ചിത്രം കൂടിയാണിത്.” എന്നാണ് പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്ന ചിത്രത്തിനു ശേഷം പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് അപ്പാത.
1993 ലാണ് പ്രിയദർശൻ ചിത്രം മിഥുനം പുറത്തിറങ്ങുന്നത്. മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെൻറ്റ്, ഉർവശി, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിൻറ്റെ സിംഹം ആണ് പ്രിയദർശൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തീ സുരേഷ്, കല്യാണി പ്രിയദർശൻ, സിദ്ദിഖ്, ഇന്നസെൻറ്റ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഡിസംബർ 2 നാണ് മരക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതേസമയം വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ഉർവശിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. ഇതിനുപുറമേ സുരറൈപോട്ര്, മൂക്കുത്തി അമ്മൻ എന്ന തമിഴ് ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. ദിലീപ് നായകനായി എത്തുന്ന മലയാള ചിത്രം കേശു ഈ വീടിൻറ്റെ നാഥൻ, ഓ അന്ത നാട്കൾ, അന്തഗൻ, നെഞ്ചമെല്ലാം കാതൽ, ഇഡിയറ്റ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുണ്ട്.