CINEMA NEWS

സിനിമയിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്: ടൊവീനോ തോമസ്

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയ നടനാണ് ടൊവീനോ തോമസ്. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് മലയാള സിനിമയിലെ മുൻനിര നായകമ്മാരിൽ ഒരാളായി ടൊവീനോ മാറിയത്.
തുടക്കത്തിൽ സിനിമയിൽ വളരെ ചെറിയ വേഷങ്ങളാണ് ടൊവീനോയ്ക്ക് ലഭിച്ചിരുന്നത്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഗ്രിസയിലിയിൽ എന്ന ഷോർട്ട് ഫിലിമിൽ ആണ് ടൊവീനോ ആദ്യമായി അഭിനയിക്കുന്നത്. 2012 ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിൻറ്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആണ് ടൊവീനോ സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സഹനടനായും വില്ലനായും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
പൃഥ്വിരാജ് നായകനായി എത്തിയ എന്ന് നിൻറ്റെ മൊയ്തീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ ആണ് ടൊവീനോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗപ്പി എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടതോടെ ആണ് ടൊവീനോക്ക് നായക വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. തരംഗം, ആമി, മായാനദി, തീവണ്ടി, ലൂസിഫർ, മറഡോണ, ഫോറൻസിക്, കൽക്കി, ഉയരെ തുടങ്ങിയവയാണ് ടൊവീനോ നായകനായി എത്തിയ സിനിമകൾ.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ആണ് ടൊവീനോയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമയാണ് ഇത്.
എന്നാൽ ഒരു നായകനായി വളരുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ചില അവഗണനകളെക്കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് ടൊവീനോ. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് ഇരിക്കുന്ന സമയമായിരുന്നു. മേക്കപ്പ് ചെയ്യുമ്പോൾ മാത്രമാണ് ഞാൻ ഒരു നടനാണ് എന്ന് എനിക്ക് തോന്നിയിരുന്നത്. അങ്ങനെയിരിക്കെ ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാൻ ചെന്നു. ഞാൻ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു. അയാൾ എന്നോട് പറഞ്ഞത് പുറത്തെ പൈപ്പിൽ എങ്ങാനും പോയി കഴുകാൻ ആണ്. പിറ്റേന്ന് ഞാൻ അപ്പൻറ്റെ കൈയിൽ നിന്നും പൈസ വാങ്ങി ഒരു പാക്കറ്റ് വെറ്റ് വൈപ്പ്സ് വാങ്ങി. എന്നിട്ട് അയാൾ കാൺകെ തന്നെ ഞാൻ അതുകൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി.
2021 ആയിട്ടും പുരോഗമിക്കാത്ത ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. പലപ്പോഴും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിൻറ്റെ പേരിൽ ടാർഗെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ടൊവീനോ പറഞ്ഞു.