CINEMA NEWS

‘പത്ത് വർഷങ്ങൾ’. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നതിനെക്കുറിച്ച് ടൊവീനോ തോമസ്.

മലയാളത്തിൽ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള യുവ നടമ്മാരിൽ ഒരാളാണ് ടൊവീനോ തോമസ്. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയ നടനാണ് ടൊവീനോ. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് മലയാള സിനിമയിലെ മുൻനിര നായകമ്മാരിൽ ഒരാളായി ടൊവീനോ മാറിയത്.
തുടക്കത്തിൽ സിനിമയിൽ വളരെ ചെറിയ വേഷങ്ങളാണ് ടൊവീനോയ്ക്ക് ലഭിച്ചിരുന്നത്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഗ്രിസയിലിയിൽ എന്ന ഷോർട്ട് ഫിലിമിൽ ആണ് ടൊവീനോ ആദ്യമായി അഭിനയിക്കുന്നത്. 2012 ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിൻറ്റെ മക്കൾ’ എന്ന ചിത്രത്തിലൂടെ ആണ് ടൊവീനോ സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സഹനടനായും വില്ലനായും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
പൃഥ്വിരാജ് നായകനായി എത്തിയ ‘എന്ന് നിൻറ്റെ മൊയ്തീൻ’ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ ആണ് ടൊവീനോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗപ്പി എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടതോടെ ആണ് ടൊവീനോയ്ക്ക് നായക വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. തരംഗം, ആമി, മായാനദി, തീവണ്ടി, ലൂസിഫർ, മറഡോണ, ഫോറൻസിക്, കൽക്കി, ഉയരെ തുടങ്ങിയവയാണ് ടൊവീനോ നായകനായി എത്തിയ സിനിമകൾ. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ആണ് ടൊവീനോയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമയാണ് ഇത്.
ഇപ്പോൾ സിനിമയിൽ എത്തിയിട്ട് പത്തു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ടൊവീനോ. ഇപ്പോൾ താൻ കടന്നുവന്ന വഴികളെക്കുറിച്ച് ടൊവീനോ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “പത്തു വർഷത്തിനുള്ളിൽ ഒരുപാട് സിനിമയും കഥാപാത്രങ്ങളും ചെയ്തു. ഇന്ന് ഞാനും സിനിമയുമെല്ലാം മാറി. എന്നാൽ സിനിമയോടുള്ള ആവേശവും സ്നേഹവും വർദ്ധിക്കുക മാത്രമാണ് ചെയ്തത്. എന്നും മെച്ചപ്പെടാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ്. എൻറ്റ ജീവിതത്തിൽ ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാൻ സഹായിച്ച എല്ലാവർക്കും നന്ദി. മറ്റൊരു 10 വർഷം കഴിഞ്ഞ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല.” – ടൊവീനോ തോമസ്.