CINEMA NEWS

റിലീസ് തിയതി പ്രഖ്യാപിച്ച് ടൊവിനോ-കല്യാണി ചിത്രം ‘തല്ലുമാല’

ടൊവീനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം തല്ലുമാലയുടെ റിലീസ് പ്രഖ്യാപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ. ഓഗസ്റ്റ് 12നാണ് ചിത്രത്തിൻറ്റെ റിലീസ്. തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.

ടൊവിനോയും കല്യാണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരും വ്യത്യസ്ത വേഷങ്ങളിലാണ് ചിത്രത്തിൽ എത്തുന്നത്. മണവാളൻ വസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, അസിം ജമാൽ, ലുക്മാൻ, ജോണി ആൻറ്റണി, ഓസ്റ്റിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദുബായ്, കണ്ണൂർ, തലശ്ശേരി എന്നിവടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിൻറ്റെ ഷൂട്ടിംങ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ ട്രെയിലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിൻറ്റെ രചന നിർവഹിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഗാനരചന മുഹ്സിൻ പരാരി. ജിംഷി ഖാലിദ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസഫ്. കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, ഡിസൈൻ ഓൾഡ് മങ്ക്സ്, സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റഫീഖ് ഇബ്രാഹിം, വാർത്താ പ്രചരണം എ എസ് ദിനേശ്.