തമിഴ്നാട്ടിൽ അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ വിജയിയുടെ ആരാധക സംഘടനയും. വിജയ് മക്കൾ ഇയക്കത്തിലെ പ്രവർത്തകർക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താരം അനുമതി നൽകിയത്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് അടുത്ത മാസം ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്.
അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും വിജയ് ഉണ്ടായിരിക്കുകയില്ല എന്നാണ് വിവരം. എന്നാൽ തൻറ്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് വിജയ് അനുമതി നൽകിയിട്ടുണ്ട്. അംഗങ്ങൾ സ്വന്തം നിലയിൽ എന്നവിധം മത്സരിക്കണമെന്ന നിർദ്ദേശവും താരം നൽകിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ 128 പേർ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യം ഉണ്ടാക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടി ആയിട്ടാണ് ആരാധക സംഘടനയിൽ നിന്നുള്ളവർ മത്സരിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകൾ വന്നെങ്കിലും വിജയ് മക്കൾ ഇയക്കം നേതാക്കൾ ഇത് നിഷേധിച്ചു.
അതേസമയം പുതിയ ചിത്രം ബീസ്റ്റിൻറ്റെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. കോലമാവ് കോകില ഫെയിം നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സർക്കാരിനു ശേഷം സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക. ജോർജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ചിത്രത്തിൻറ്റെ മൂന്നാം ഷെഡ്യൂൾ ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, സെൽവരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനു സംഗീതം നൽകുന്നത്.