വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ദളപതി 66 നു പേര് നൽകി. ‘വരശ്’ എന്നാണ് ചിത്രത്തിനു നൽകിയിരിക്കുന്ന പേര്. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജൂൺ 22 ന് ആണ് വിജയിയുടെ ജന്മദിനം. ജന്മദിന ആഘോഷത്തിൻറ്റെ ഭാഗമായിട്ടാണ് ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ‘ബോസ് തിരിച്ചെത്തുന്നു’ എന്ന ടാഗ് ലൈനോടെ ആണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൻറ്റെ പോസ്റ്റർ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.
ഒരു ദ്വിഭാഷ ചിത്രമാണ് വരശ്. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാന ആണ് ചിത്രത്തിലെ നായിക. എസ് തമൻ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
വംശി പൈഡിപ്പള്ളിയുടെ ആറാമത്തെ ചിത്രമാണ് വരശ്. 2019 ൽ മികച്ച വിനോദ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മഹർഷി എന്ന ചിത്രത്തിൻറ്റെ സംവിധായകനാണ് വംശി. വംശി സംവിധാനം ചെയ്ത ഊപ്പിരി, യെവാഡു എന്നീ ചിത്രങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.
ബീസ്റ്റ് ആണ് വിജയിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. സൺ പിക്ചേഴ്സിൻറ്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം സംവിധാനം ചെയ്തത്. അനിരുദ്ധ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചത്.
എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനു കഴിഞ്ഞില്ല. ആദ്യ ദിവസം ചിത്രത്തിനു മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും പിന്നീട് ചിത്രം തിയേറ്ററുകളിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഒടിടിയിൽ ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.