CINEMA NEWS

വില്ലൻ വേഷത്തിൽ വീണ്ടും സുരേഷ് ഗോപി. ഇത്തവണ ശങ്കർ – രാംചരൺ ചിത്രത്തിൽ.

ചെറിയ ഇടവേളക്കു ശേഷം സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. അതോടെ നിരവധി അവസരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. സൂപ്പർഹിറ്റ് സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.
തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. വില്ലൻ വേഷത്തിലാണ് താരം എത്തുന്നത് എന്നാണ് സൂചന. ഈ വാർത്ത പുറത്തുവന്നതോടെ വളരെയധികം ആവേശത്തിലാണ് താരത്തിൻറ്റെ ആരാധകർ.
ഇത് ആദ്യമായിട്ടല്ല ശങ്കർ സുരേഷ് ഗോപിയെ വില്ലൻ വേഷത്തിൽ അവതരിപ്പിക്കുന്നത്. വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഐ എന്ന ചിത്രത്തിലും സുരേഷ് ഗോപി വില്ലൻ വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ശങ്കർ – രാം ചരൺ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. നിരവധി പ്രമൂഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് സുന്ദരി കിയാര അധ്വാനിയാണ് ചിത്രത്തിൽ രാം ചരൺൻറ്റെ നായികയായി എത്തുന്നത്. കൂടാതെ അഞ്ജലിയും സുനിലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ ഇഷ ഗുപ്ത ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന് ഇതു വരെയും പേരിട്ടിട്ടില്ല. ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും.
അതേസമയം നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാവൽ ആണ് സുരേഷ് ഗോപിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തമ്പാൻ എന്ന ശക്തമായ കഥാപാത്രത്തെ ആണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.