അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. കാവൽ, ഒറ്റക്കൊമ്പൻ, പാപ്പൻ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള സുരേഷ് ഗോപി ചിത്രങ്ങൾ. കഴിഞ്ഞ ദിവസം സുരേഷ് ഗോപി നായകനായി എത്തുന്ന എസ്ജി 251 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻറ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടുകയും ചെയ്തതിന് പിന്നാലെ സിനിമയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് സംവിധായകൻ രാഹുൽ രാമചന്ദ്രൻ.
“ സുരേഷ് ഗോപി എന്ന് കേൾക്കുമ്പോൾ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരിൽ പലരുടെയും ധാരണ. എന്നാൽ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ല. മാസ് സീക്വൻസുകൾ ഉണ്ട്. പക്ഷേ ആകെ സിനിമയിൽ ഒരു 10, 20 മിനിറ്റുകൾ മാത്രമേ അത്തരം രംഗങ്ങൾ ഉണ്ടാവൂ. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. നായകനുവേണ്ടി മൂന്ന് അപ്പിയറൻസുകൾ ആണ് ഞങ്ങൾ പ്ലാൻ ചെയ്തത്. അവസാനം ഇപ്പോൾ പോസ്റ്ററിൽ കാണുന്ന ലുക്ക് ഫൈനലൈസ് ചെയ്യുകയായിരുന്നു. രണ്ട് അപ്പിയറൻസുകളാണ് സുരേഷേട്ടന് ചിത്രത്തിൽ ഉള്ളത്. പോസ്റ്ററിൽ ഉള്ളത് കൂടാതെ മറ്റൊന്നും. വാച്ച് മെക്കാനിക്കാണ് ആ കഥാപാത്രം. പുള്ളിക്ക് സ്വന്തമായിട്ട് ഒരു വാച്ച് കടയൊക്കെയുണ്ട്. റിട്ടയർമെൻറ്റ് ജീവിതം ആഘോഷിച്ച് കൊണ്ടിരിക്കുന്ന ആളാണ് അദ്ധേഹം.
സിനിമയിലെ മറ്റ് താരങ്ങളെയും തീരുമാനിച്ചിട്ടുണ്ട്. തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഒരുപാട് താരങ്ങൾ ഉണ്ട്. പക്ഷേ കാസ്റ്റിംങ് പ്രഖ്യാപിക്കാൻ സമയമായില്ല. കൊവിഡ് ഇല്ലായിരുന്നെങ്കിൽ സിനിമ ഇറങ്ങേണ്ട സമയമായി. ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് അടുത്ത വർഷം ഫെബ്രുവരി – മാർച്ചോടെ ഷൂട്ടിംങ് തുടങ്ങാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. രണ്ട് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കേണ്ടത്. ഒന്ന് കൊച്ചിയിലും മറ്റൊന്ന് ചെന്നൈയിലും. എണ്ണൂറോളം ജൂനിയർ ആർട്ടിസ്റ്റുകളെയൊക്കെ ആവശ്യമായി വരുന്ന രംഗങ്ങൾ ഉണ്ട്. അതുക്കൊണ്ട് തന്നെ കൊവിഡ് സാഹചര്യം പൂർണ്ണമായും ഒഴിവായതിനുശേഷമേ ഷൂട്ടിംങ് ആരംഭിക്കാൻ കഴിയൂ.”