ടൊവീനോ തോമസ് നായകനായി എത്തിയ കള എന്ന ചിത്രത്തിൽ ടൊവീനോയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തിയ കഥാപാത്രമായിരുന്നു സുമേഷ് മൂർ. ടൊവിനോയും സുമേഷ് മൂറും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവച്ചത്. നിരവധി അഭിനന്ദനങ്ങളാണ് ഇരുവർക്കും ലഭിച്ചത്. എന്നാൽ സുമേഷ് മൂർ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ തനിക്കു ലഭിച്ച വേഷം വേണ്ട എന്നു വച്ചതായാണ് താരം പറയുന്നത്. കാൽ ചാനൽസ് എന്ന വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് സുമേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്.
സിനിമയ്ക്ക് അകത്തും പുറത്തും താൻ പറയാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് സുമേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ രാഷ്ട്രീയം സംസാരിക്കാനും അവരുടെ ഒപ്പം നിൽക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും സുമേഷ് പറഞ്ഞിരുന്നു. കടുവ എന്ന ചിത്രത്തിൽ പൃഥ്വിരാജിൻറ്റെ അടിയേറ്റ് വീഴുന്ന ഒരു കഥാപാത്രമാണ് തൻറ്റേത്. അതുകൊണ്ട് തന്നെയാണ് താൻ സിനിമയിൽ നിന്ന് പിന്മാറുന്നത് എന്നും സുമേഷ് പറഞ്ഞു. കറുത്തവർഗം അടിച്ചമർത്തപ്പെടേണ്ടവരാണ് എന്ന ധാരണ തനിക്ക് അന്നും ഇന്നും ഇല്ല എന്നാണ് താരം പറയുന്നത്. ഈ കാരണം കൊണ്ടാണ് സിനിമയിലെ ഓഫർ നിരസിച്ചത്
“ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകൻറ്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവർഗം അടിച്ചമർത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്ന് വച്ചു. നല്ല കഥാപാത്രങ്ങൾ വരട്ടെ. അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്.”
കള എന്ന ചിത്രം റിലീസ് ആയതിനു ശേഷം സുമേഷ് നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്നു. കള എന്ന ചിത്രത്തിലെ ഓഫർ സ്വീകരിച്ചതും തൻറ്റെ രാഷ്ട്രീയവുമായി സിനിമയുടെ ആശയം ചേർന്നു നിൽക്കുന്നതിനാലായിരുന്നു എന്നും മൂർ പറഞ്ഞു. ഏതായാലും മൂർ തൻറ്റെ നിലപാട് വ്യക്തമാക്കിയതോടെ സോഷ്യൽ മീഡിയകളിലും നിറഞ്ഞ കൈയടിയാണ് മൂറിനു ലഭിക്കുന്നത്. നാടകങ്ങളിലൂടെ സിനിമയിൽ എത്തിയ മൂർ പതിനെട്ടാം പടി എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് അഭിനയിച്ചിട്ടുള്ളത്.