സൂരറൈ പോട്ര് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഈ പ്രാവശ്യവും ഒന്നിക്കുന്നത്. സുധ കൊങ്കര തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധ ഈ കാര്യം വ്യക്തമാക്കിയത്. എന്നാൽ ആരെക്കുറിച്ചാണ് ചിത്രം എന്ന കാര്യം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. നിലവിൽ സൂര്യ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയായ ശേഷമായിരിക്കും പുതിയ ചിത്രത്തിൻറ്റെ വർക്കുകൾ ആരംഭിക്കുക.
ഒടിടിയിലൂടെ റിലീസിനെത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് സൂരറൈ പോട്ര്. മലയാളി താരം അപർണ ബാലമുരളി നായികയായി എത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ആഭ്യന്തര വിമാന സർവ്വീസ് ആയ എയർ ഡെക്കാണിൻറ്റെ സ്ഥാപകൻ ജി ആർ ഗോപിനാഥിൻറ്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സൂരറൈ പോട്ര്. തമിഴിന് പുറമേ മലയാളത്തിലും, കന്നഡയിലും, തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു.
സൂരറൈ പോട്രിൻറ്റെ ഹിന്ദി പതിപ്പും ഇപ്പോൾ അണിയറിൽ ഒരങ്ങുന്നുണ്ട്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യയുടെ 2ഡി എൻറ്റർടൈൻമെൻറ്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം നിരവധി ചിത്രങ്ങളാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പിതാമഹന് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒരുമിക്കുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രം സൂര്യയുടെ കരിയറിലെ നാൽപ്പത്തി ഒന്നാമത്തെ ചിത്രമാണ്. ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. ടൂഡി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ജ്യോതികയാണ് ചിത്രം നിർമ്മിക്കുന്നത്.