സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രമായിരുന്നു സൂരറൈ പോട്ര്. കൊവിഡ് പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം വലിയ വിജയം ആവുകയും ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആഭ്യന്തര വിമാന സർവീസ് ആയ എയർ ഡെക്കണിൻറ്റെ സ്ഥാപകനായ ജി ആർ ഗോപിനാഥൻറ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ര്. ഇപ്പോഴിതാ ചിത്രം ഹിന്ദി റിമേക്കിന് ഒരുങ്ങുകയാണ്.
സൂര്യ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയിലൂടെ പങ്കുവച്ചത്. സൂര്യയുടെ 2 ഡി എൻറ്റർടെയ്മൻറ്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയാണ് ചിത്രത്തിൻറ്റെ ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെയോ അണിയറപ്രവർത്തകരേയോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഏറെ നാളുകൾക്ക് ശേഷം വലിയ വിജയമായ സൂര്യയുടെ ചിത്രം കൂടി ആയിരുന്നു സൂരറൈ പോട്ര്. സൂര്യയുടെ മുപ്പത്തിയെട്ടാം ചിത്രം കൂടി ആയിരുന്നു ഇത്. ഓസ്ക്കാർ അവാർഡിനായി തിരഞ്ഞെടുത്ത 366 ചിത്രങ്ങളിൽ ഒന്നു കൂടിയാണിത്.
2 ഡി എൻറ്റർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ സൂര്യയും സിഖ്യ എൻറ്റർടെയ്മൻറ്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മലയാളികളുടെ പ്രിയതാരം അപർണ ബാലമുരളി ആണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയത്. ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപർണ ചിത്രത്തിൽ അവതരിപ്പിച്ചത്. അപർണയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടി ആണ് സൂരറൈ പോട്ര്. മലയാളി താരം ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എം മോഹൻ ബാബു, കരുണാസ്, വിവേക് പ്രസന്ന, പരേഷ് റാവേൽ, കാളി വെങ്കട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.