മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ശോഭന. നൃത്തത്തിലും അഭിനയത്തിലുമെല്ലാം ശോഭന എപ്പോഴും സജീവമാണ്. ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. സുരേഷ് ഗോപിയുടെ നായികയായാണ് വർഷങ്ങൾക്ക് ശേഷമുള്ള ശോഭനയുടെ തിരിച്ചുവരവ്. ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും സോഷ്യൽ മീഡിയയിലൂടെ തൻറ്റെ വിശേഷങ്ങൾ ആരാധകരുമായി ശോഭന എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സിനിമാ സൌഹൃദങ്ങളെക്കുറിച്ചും ഇഷ്ട താരത്തെക്കുറിച്ചുമുള്ള ശോഭനയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശോഭനയുടെ തുറന്നുപറച്ചിൽ.
തനിക്ക് ഏറേ പ്രിയപ്പെട്ട അഭിനേതാവായി ശോഭന പറഞ്ഞത് മഞ്ചു വാര്യരുടെ പേരാണ്. ശക്തമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മഞ്ചുവെന്നാണ് ശോഭന പറഞ്ഞത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മഞ്ചു വാര്യർ സല്ലാപത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിലും ഏറേ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമാ സൌഹൃദങ്ങളെക്കുറിച്ചും ശോഭന വ്യക്തമാക്കി. “എന്നും എൻറ്റെ ബെസ്റ്റ് ഫ്രണ്ട് രേവതിയാണ്. വർഷങ്ങളായുള്ള സൌഹൃദമാണ്. എന്നും വിളിച്ച് സംസാരിക്കുന്ന പതിവൊന്നുമില്ല. അവർക്കും അവരുടേതായ തിരക്കുകളുണ്ട്. “ഞാൻ സിനിമയിൽ സജീവമായിരുന്ന സമയത്ത് മറ്റ് അഭിനേത്രികളുമായി അന്ന് മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയിൽ നിന്ന് മാറിയതിന് ശേഷം എല്ലാവരുമായും അടുത്ത സൌഹൃദമാണ്. ഇടയ്ക്ക് ഞങ്ങളെല്ലാം ഒത്തുകൂടാറുണ്ടെന്നും സുഹാസിനിയാണ് ഒത്തുചേരലിന് മുൻകൈ എടുക്കുന്നതെന്നും ശോഭന പറഞ്ഞു. മലയാളികളുടെ മനസ്സിലെ നൊസ്റ്റാൾജിയയാണ് ഞാനും എൻറ്റെ കഥാപാത്രങ്ങളും എന്ന് കേൾക്കുമ്പോൾ സന്തോഷമാണ് തോന്നുന്നത്. സിനിമ ചെയ്തില്ലെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ താനെന്നും ആരാധകർക്ക് ഒപ്പമുണ്ടാവുമെന്നും ശോഭന വ്യക്തമാക്കി.