CINEMA NEWS

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേയ്ക്ക് ഷാരൂഖ് ഖാൻ ചിത്രം

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേയ്ക്ക് ഷാരൂഖ് ഖാൻ ചിത്രം. വാർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാൻ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ വീണ്ടും ബിഗ് സ്ക്രീനിലെയ്ക്ക് എത്തുന്നത്. ഷാരൂഖ് ഖാന് ഒപ്പം ദീപിക പദുക്കോണും ജോൺ എബ്രാഹവും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. റിലീസ് തിയതിക്കൊപ്പം ചിത്രത്തിൻറ്റെ ടീസറും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. “അൽപം വൈകിയെന്ന് അറിയാം. എന്നാലും ഈ തിയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം” എന്ന കുറിപ്പോടെ ഷാരൂഖ് ഖാനും ചിത്രത്തിൻറ്റെ ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ അതിഥി താരമായി സൽമാൻ ഖാനും എത്തുന്നുണ്ടെന്നാണ് സൂചന. യാഷ് രാജ് ഫിലിംസിൻറ്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിക്കുന്നത്. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂയർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ദീപികയും ഷാരൂഖ് ഖാനും ഒരുമിക്കുന്ന ചിത്രമാണ് പഠാൻ. ഹിന്ദിയ്ക്ക് പുറമേ തമിഴിലും തെലുങ്കിലും ചിത്രം റീലിസ് ചെയ്യുന്നതാണ്.
ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് 2020 അവസാനമാണ് ആരംഭിച്ചത്. നാല് വർഷത്തിന് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് പഠാൻ. 2018ൽ പുറത്തിറങ്ങിയ സീറോ ആയിരുന്നു ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ഷാരൂഖ് ഖാൻ ചിത്രം.