ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിൻറ്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം ‘സബാഷ് മിതു’വിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 15നാണ് ചിത്രത്തിൻറ്റെ റിലീസ്. തിയേറ്ററുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. തപ്സി പന്നുവാണ് ചിത്രത്തിൽ മിതാലി രാജിനെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പ്രിയ അവനാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തപ്സി പന്നുവിന് പുറമേ വിജയ് റാസും, ആസാദ് അലിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ ടീമിൻറ്റെ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. ഏഴായിരം റൺസ് മറികടന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരം കൂടിയാണ് മിതാലി രാജ്. പ്രഖ്യാപനസമയം മുതൽ ക്രിക്കറ്റ് പ്രേമികൾ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സബാഷ് മിതു.
ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സിർഷ റേ ആണ്. ചിത്രസംയോജനം ശ്രീകർ പ്രസാദും സംഗീത സംവിധാനം അമിത് ത്രിവേദിയും നിർവ്വഹിക്കുന്നു. വയകോം 18 സ്റ്റുഡിയോസിൻറ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അജിത് അന്ധരെയാണ് ചിത്രത്തിൻറ്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.
തപ്സിക്ക് ഏറേ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് സബാഷ് മിതു. വോ ലഡ്കി ഹേ കഹാൻ, തഡ്ക, ഡങ്കി, ബ്ലർ, ദോ ബാര തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ വർഷം തന്നെ റിലീസിന് എത്തുന്ന തപ്സി പന്നുവിൻറ്റെ മറ്റ് ചിത്രങ്ങൾ.