CINEMA NEWS

ജയറാമും മീര ജാസ്മിനും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറ്റെ പേരു പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്

ജയറാമും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിൻറ്റെ പേരു പ്രഖ്യാപിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ‘മകൾ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് – ജയറാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ ആസ്വാദകർ.
സത്യൻ അന്തിക്കാട് തന്നെ ആണ് ഫേസ്ബുക്കിലൂടെ ചിത്രത്തിൻറ്റെ പേരു പ്രഖ്യാപിച്ചത്. “പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി, ഇതുവരെയായിട്ടും പേരിട്ടില്ലേ എന്നു പലരും ചോദിച്ചു. പൊതുവേ വൈകി പേരിടുന്നതാണ് എൻറ്റെയൊരു പതിവ്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അതു തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു. ‘മകൾ’. അത് നിങ്ങളുമായി പങ്കുവയ്ക്കുന്നു.”
ജയറാമിനും മീര ജാസ്മിനും ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ പൂർത്തിയാകുമെന്നും തിയേറ്ററുകളിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പതിനൊന്നു വർഷങ്ങൾക്കു ശേഷമാണ് ജയറാം സത്യൻ അന്തിക്കാടിൻറ്റെ നായകനായി വേഷമിടുന്നത്. കഥ തുടരുന്നു എന്ന ചിത്രത്തിനായാണ് ഇരുവരും നേരത്തെ ഒന്നിച്ചത്. ഒരിടവേളയ്ക്കു ശേഷം മീര ജാസ്മിൻ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഇക്ബാൽ കുറ്റിപ്പുറത്താണ് ചിത്രത്തിൻറ്റെ രചന നിർവഹിക്കുന്നത്. സെൻട്രൽ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിൻറ്റെ നിർമ്മാണം. ഛായാഗ്രഹണം എസ് കുമാർ. വിഷ്ണു വിജയ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം. കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം സമീറ സനീഷ്.