CINEMA NEWS

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻറ്റെ ഹിന്ദി റീമേക്കിൽ കേന്ദ്ര കഥാപാത്രമായി സന്യ മൽഹോത്ര

ഏറേ നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻറ്റെ ഹിന്ദി റീമേക്കിൽ കേന്ദ്ര കഥാപാത്രമായി സന്യ മൽഹോത്ര. ആരതി കഡവ് സംവിധാനം ചെയ്യുന്ന ചിത്രം ഹർമൻ ബവറേജയാണ് നിർമ്മിക്കുന്നത്. ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രത്തിന് ഏറേ നിരൂപക പ്രശംസയും ലഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. നിമിഷ സജയനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹിന്ദിയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്യ മൽഹോത്രയാണ്. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

” ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഹിന്ദി റീമേക്കിൻറ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും ആവേശവും. കാത്തിരിക്കാൻ വയ്യ” എന്നാണ് സന്യ മൽഹോത്ര തൻറ്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻറ്റെ തമിഴ് റീമേക്കും ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ കണ്ണനാണ് ചിത്രത്തിൻറ്റെ തമിഴ് പതിപ്പ് ഒരുക്കുന്നത്.

ലവ് ഹോസ്റ്റൽ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന സന്യ മൽഹോത്രയുടെ ചിത്രം. ശങ്കർ രാമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, വിക്രാന്ത് മാസി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഗൌരി ഖാൻറ്റെ റെഡ് ചില്ലീസ് എൻറ്റർടൈൻമെൻറ്റും ദൃശ്യം ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.