CINEMA NEWS

‘ഖുഷി’ റൊമാൻറ്റിക് കോമഡിയുമായി സാമന്തയും വിജയ് ദേവരകൊണ്ടയും.

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഖുഷി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ശിവ നിർവാണ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മനോഹരമായ ഒരു ഫീൽ ഗുഡ് പോസ്റ്റർ ആണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. വിജയ് ദേവരകൊണ്ടയും സാമന്തയും ആണ് പോസ്റ്ററിൽ ഉള്ളത്. ഒരു റൊമാൻറ്റിക് കോമഡി ചിത്രമാണ് ഖുഷി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി തന്നെയാകും ചിത്രത്തിൻറ്റെ പ്രധാന ആകർഷണം.

ശിവ നിർവാണ തന്നെയാണ് ചിത്രത്തിൻറ്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ സച്ചിൻ ഖെഡേക്കർ, അലി, ലക്ഷ്മി, രോഹിണി, മുരളി ശർമ്മ, വെണ്ണെലെ കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ഹൃദയം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആദ്യമായി സംഗീതം നൽകുന്ന തെലുങ്ക് ചിത്രമാണ് ഖുഷി.

ചിത്രം ഡിസംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.അതേസമയം, ലെഗർ ആണ് ഇനി വിജയ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൻറ്റെ ക്ലൈമാക്സിലാണ് മൈക്ക് ടൈസൺ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.