GENERAL NEWS

ഈ ഗോസിപ്പുകൾ എവിടെ നിന്നാണെന്ന് എനിക്കറിയില്ല, ഇതൊന്നും സത്യമല്ല : സാമന്ത

കുറച്ചു നാളുകളായി സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നു എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ സാമന്ത തൻറ്റെ പേരു മാറ്റിയതോടെ ആണ് ഇത്തരം വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. വിവാഹ മോചന ഗോസിപ്പുകളോടൊപ്പം സാമന്ത മുംബൈയിലേക്ക് താമസം മാറുകയാണ് എന്ന വാർത്തകളും പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം സാമന്തയുടെ വസ്ത്ര ബ്രാൻഡായ സാകിയുടെ ഒന്നാം വാർഷികമായിരുന്നു. അതിനിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കവേ ആണ് സാമന്ത ഗോസിപ്പുകളോട് പ്രതികരിച്ചത്.
മുംബൈയിലേക്ക് താമസം മാറുകയാണോ എന്നായിരുന്നു ഒരു ആരാധകൻറ്റെ ചോദ്യം. ഇത്തരം ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നത് ആരാണ് എന്ന് എനിക്കറിയില്ല എന്നായിരുന്നു സാമന്ത പ്രതികരിച്ചത്. ഇതുപോലെയുള്ള നൂറു കണക്കിനു ഗോസിപ്പുകൾ. ഇതൊന്നും സത്യമല്ല. ഹൈദരബാദ് ആണ് എൻറ്റെ വീട്. ഞാൻ എന്നും എൻറ്റെ വീട്ടിൽ തന്നെ ആയിരിക്കും. എനിക്ക് എല്ലാം തന്നത് ഹൈദരബാദ് ആണ്. തുടർന്നും സന്തോഷത്തോടെ ഇവിടെ തന്നെ കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്നാൽ വിവാഹ മോചനത്തെ സംബന്ധിച്ച ഗോസിപ്പുകളോട് താരം പ്രതികരിച്ചില്ല. നിരവധി ആളുകൾ വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചെങ്കിലും സാമന്ത മറുപടി നൽകിയില്ല.
എന്നാൽ നാഗചൈതന്യയുടെ പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ പ്രമോഷൻറ്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ഇത്തരം വാർത്തകൾ വേദനിപ്പിച്ചിരുന്നു എന്നും എന്നാൽ അതിനെയൊക്കെ ഇപ്പോൾ അവഗണിക്കാൻ ശീലിച്ചു എന്നും ആണ് നാഗ ചൈതന്യ മറുപടി നൽകിയത്.
2017 ഒക്ടോബർ ആറിന് ആണ് സാമന്തയും നാഗ ചൈതന്യും വിവാഹിതരാകുന്നത്. സോഷ്യൽ മീഡിയയിൽ സാമന്ത തൻറ്റെ പേരിൽ നിന്ന് അക്കിനേനി ഒഴിവാക്കിയതോടെ ആണ് വിവാഹ മോചനത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നത്.