CINEMA NEWS

‘കുറുപ്പി’നു ശേഷം ബോക്സ് ഓഫീസ് പിടിക്കാൻ ദുൽഖർ വീണ്ടും. ‘സല്യൂട്ട്’ റിലീസ് തിയതി പ്രഖ്യാപിച്ചു.

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം സല്യൂട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14 നാണ് ചിത്രം ഇന്ത്യയിലും പുറത്തുമുള്ള സ്ക്രീനുകളിൽ റിലീസ് ചെയ്യുന്നത്. അരവിന്ദ് കരുണാകരൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ആണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രതി പൂവൻകോഴി എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോബി – സഞ്ജയ് ടീമാണ് ചിത്രത്തിൻറ്റെ തിരക്കഥയൊരുക്കുന്നത്. ദുൽഖർ ആദ്യമായിട്ടാണ് ഒരു റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു പോലീസ് സ്റ്റോറിയാണ് ചിത്രം. ബോളിവുഡ് താരവും മോഡലുമായ ഡയാന പെൻറ്റിയാണ് ചിത്രത്തിലെ നായിക. വേഫയർ ഫിലിംസിൻറ്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ ആണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
മനോജ് കെ ജയൻ, ബിനു പപ്പു, അലൻസിയർ, ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാർ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്ലം പുരയിൽ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. ജേക്സ് ബിജോയ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
എഡിറ്റിംഗ് ശ്രീകർ പ്രസാദ്. മേക്കപ്പ് സജി കൊരട്ടി. വസ്ത്രാലങ്കാരം സുജിത് സുധാകരൻ. സ്റ്റിൽസ് രോഹിത്. ആർട്ട് സിറിൽ കുരുവിള. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി. അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ. അസിസ്റ്റൻറ്റ് ഡയറക്ടേഴ്സ് അലക്സ് ആയിരൂർ, ബിനു കെ നാരായണൻ, സുബീഷ് സുരേന്ദ്രൻ, രഞ്ജിത്ത് മഠത്തിൽ.