പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് കിലുക്കം. മോഹൻലാലിന് പുറമേ ജഗതി ശ്രീകുമാർ, രേവതി, തിലകൻ, ഇന്നസെൻറ്റ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർക്ക് ഏറേ പ്രിയപ്പെട്ടതാണ്. ചിത്രം റിലീസായി 30 വർഷം പിന്നിടുമ്പോൾ ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് രേവതിയെ ആയിരുന്നില്ല എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇതുമായി ബന്ധപ്പെട്ട പഴയൊരു പത്രറിപ്പോർട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രേവതിയെ ആയിരുന്നില്ല ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. അമലയെ ആയിരുന്നു ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ അസൌകര്യങ്ങളെ തുടർന്ന് അമല ചിത്രത്തിൽ നിന്ന് പിൻമാറുകയും അമലയ്ക്ക് പകരം രേവതി ചിത്രത്തിലെ നായികയായി എത്തിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. 1991 ലെ സിനിമ മാസികകളിലും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നന്ദിനി എന്ന കഥാപാത്രത്തെയാണ് രേവതി സിനിമയിൽ അവതരിപ്പിച്ചത്. എൻറ്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം തുടങ്ങീ നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് അമല.
തിയേറ്ററുകളിൽ ചിരിപ്പടർത്തിയ കിലുക്കം ഏകദേശം മുന്നുറോളം ദിവസമാണ് ഓടിയത്. വേണു നാഗവള്ളിയാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത്. കിലുക്കത്തിൻറ്റെ വിജയത്തിൽ പ്രധാനമായത് മോഹൻലാലും ജഗതിയും തമ്മിലുള്ള കെമസ്ട്രിയാണെന്നാണ് സംവിധായകൻ പ്രിയദർശൻറ്റെ അഭിപ്രായം. മാനസികസ്വാസ്ഥ്യമുള്ള കഥാപാത്രത്തെ മനോഹരമാക്കിയ രേവതിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. തിലകൻ, മുരളി, വേണു നാഗവള്ളി, ജഗതി തുടങ്ങിയ അതുല്യ പ്രതിഭകൾ ഇല്ലാത്തതുക്കൊണ്ട് കിലുക്കം പോലൊരു ചിത്രം എടുക്കാനുള്ള ധൈര്യം ഇനിയില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. കിലുക്കത്തിൻറ്റെ ഷൂട്ടിംങ് സമയത്ത് ഉണ്ടായ ചില രസകരമായ സംഭവങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.