ബോളിവുഡ് റീമേക്കിന് ഒരുങ്ങി തമിഴ് സൂപ്പർ ഹിറ്റ് ചിത്രം രാക്ഷസൻ. മിഷൻ സിൻഡ്രല്ല എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. വിഷ്ണു വിശാൽ അവതരിപ്പിച്ച ചിത്രത്തിലെ നായക കഥാപാത്രത്തെ ഹിന്ദി റീമേക്കിൽ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിനെ നായകനാക്കി ബെൽ ബോട്ടം സംവിധാനം ചെയ്ത രഞ്ജിത്ത് എം തിവാരിയാണ് മിഷൻ സിഡ്രല്ലയും ഒരുക്കുന്നത്. സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാകുൽ പ്രീത് സിംങാണ്. അക്ഷയ് കുമാറും രാകുൽ പ്രീത് സിംങും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് മിഷൻ സിൻഡ്രല്ല. സിനിമയിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ഇരുവരെയും പുറത്ത് വിട്ടിട്ടില്ല.
അക്ഷയ് കുമാറിൻറ്റെ ബെൽ ബോട്ടം നിർമ്മിച്ച വാഷു ഭാഗ്നാനി തന്നെയാണ് പൂജ എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ മിഷ്യൻ സിൻഡ്രല്ലയും നിർമ്മിക്കുന്നത്. സിനിമ ലണ്ടനിൽ ചിത്രീകരിക്കാനാണ് നിർമ്മാതാക്കൾ ഒരുങ്ങന്നത് എന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.
വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാർ 2018 ൽ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രം വിഷ്ണു വിശാലിൻറ്റെ കരിയറിലെ ഹിറ്റ് ചിത്രം കൂടിയായിരുന്നു. അമല പോളാണ് സിനിമയിലെ നായികയായി എത്തിയത്. സിനിമയിൽ സൈക്കോ വില്ലൻ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച ശരവണനും ഏറേ പ്രശംസ നേടിയിരുന്നു.
സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറെ കണ്ടെത്താൻ പോലീസുകാർ നടത്തുന്ന അനേഷ്വണമാണ് സിനിമയുടെ പ്രമേയം.ചിത്രം നേരത്തെ തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായി എത്തിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിലെ സൈക്കോ വില്ലനെ അവതരിപ്പിച്ചത് ശരവണൻ തന്നെയായിരുന്നു.