നിരവധി മലയാള ചിത്രങ്ങളിലൂടെ തൻറ്റെ കഴിവ് തെളിയിച്ച നടിയാണ് രജീഷ വിജയൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം രജീഷ തൻറ്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. രവി തേജ നായകനായി എത്തുന്ന രാമറാവു ഓൺ ഡ്യൂട്ടിയാണ് രജീഷയുടെ ആദ്യത്തെ തെലുങ്ക് ചിത്രം. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മന്ദവയാണ്. ഇപ്പോഴിതാ ചിത്രത്തിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ജൂലൈ 29നാണ് ചിത്രത്തിൻറ്റെ റീലീസ്.
ശരത് മന്ദവ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് രജീഷ എത്തുന്നത്. ജില്ലാ ഡെപ്യൂട്ടി കളക്ടർ ബി രാമറാവുവായിട്ടാണ് രവി തേജ ചിത്രത്തിൽ വേഷമിടുന്നത്. ദിവ്യാ ഷാ, കൌശിക് നാസർ, ജോൺ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ് എൽ വി സിനിമാസിൻറ്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിക്കുന്നത്. സത്യൻ സൂര്യൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സാം സി എസ് സംഗീത സംവിധാനവും പ്രവീൺ കെ എൽ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
അനുരാഗ കരിക്കിൻ വെള്ളം എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് രജീഷ വിജയൻ. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ കേരള സർക്കാരിൻറ്റെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ആളാണ് രജീഷ. തുടർന്ന് ജോർജേട്ടൻസ് പൂരം, ജൂൺ, ഫൈനൽസ്, ലവ്, സ്റ്റാൻഡ് അപ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലൂടെ രജീഷ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. തുടർന്ന് കർണൻ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. ധനൂഷ് ആയിരുന്നു ചിത്രത്തിലെ നായകൻ.