രാംചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർആർആർ. പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറ്റെ റിലീസ് ജനുവരി ഏഴിനാണ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചും തൻറ്റെ പുതിയ സിനിമകളെക്കുറിച്ചുമെല്ലാം വ്യക്തമാക്കിയിരിക്കുകയാണ് രാജമൌലി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് രാജമൌലി ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
“ സാങ്കൽപ്പികം മാത്രമാണ് ആർആർആർ ചിത്രത്തിൻറ്റെ കഥ. ബയോപികല്ല. രണ്ട് സ്വാതന്ത്ര്യസമര സേനാനികളെ മാത്രമാണ് ചരിത്രത്തിൽ നിന്ന് എടുത്തിട്ടുള്ളത്. രസകരമായ ചില യാദൃശ്ചിതകൾ അവരുടെ ജീവിതത്തിലുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന കാലഘട്ടമുണ്ട്.” അതാണ് താൻ തൻറ്റെ സിനിമയ്ക്കായി എടുത്തതെന്നും രാജമൌലി പറഞ്ഞു. പാൻ ഇന്ത്യൻ തലത്തിൽ ചിത്രമെടുക്കുന്നതിനെക്കുറിച്ചും രാജമൌലി വ്യക്തമാക്കി. “നമ്മൾ മലയാളി, തെലുങ്കൻ എന്ന് പറയുമ്പോൾ ഭാഷ മാത്രമേ മാറുന്നുള്ളൂ. മനുഷ്യ വികാരങ്ങൾ എല്ലാം ഒന്ന് തന്നെയാണ്. ആർആർആർ എന്ന ചിത്രവും അതിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. രണ്ട് പേരുടെ സൌഹൃദത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. എല്ലാവരും അതുമായി കണക്ടാകും. ഭാഷ പ്രശ്നമല്ല.” സംഭാഷണം മൊത്തം ഒഴിവാക്കിയാലും ചിത്രം നിങ്ങൾക്ക് മനസിലാകുമെന്നും രാജമൌലി വ്യക്തമാക്കി.
ബാഹുബലി മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും രാജമൌലി ഉത്തരം നൽകി. “ബാഹുബലി ഒരു ലോകമാണ്. ആ ലോകത്ത് നിന്ന് ചിത്രത്തിനായി പ്രത്യേക രീതിയിലുള്ള കഥകൾ വരണം. കൃത്യമായ സമയമാകുമ്പോൾ നിർമ്മാതാക്കൾ തന്നെ അത് പ്രഖ്യാപിക്കും.” തൻറ്റെ പുതിയ ചിത്രമായ മഹാഭാരത്തെക്കുറിച്ചും രാജമൌലി വ്യക്തമാക്കി. “മഹാഭാരതം തിരക്കഥാ രചനയുടെ ഘട്ടത്തിൽ മാത്രമാണ് ഇപ്പോൾ. ചിത്രത്തിൻറ്റെ തിരക്കഥ രചനയ്ക്ക് തന്നെ രണ്ട് വർഷത്തോളമെടുക്കും. ഒരുപാട് സമയമെടുക്കുന്ന ഒരു ചിത്രമായിരിക്കും അത്”. ഒരുപാട് കാത്തിരിക്കേണ്ട ചിത്രമായിരിക്കും അതെന്നും രാജമൌലി പറഞ്ഞു.