മോഹൻലാലിൽ നിന്നു തനിക്കു സമ്മാനം ലഭിച്ചതിൻറ്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ സിനിമയുടെ ക്ലൈമാക്സിൽ അബ്രാം ഖുറേഷിയായി മോഹൻലാൽ എത്തുന്ന സമയത്ത് മോഹൻലാൽ ധരിച്ചിരുന്നതു പോലെയുള്ള കണ്ണടയാണ് ഇപ്പോൾ പൃഥ്വിക്ക് നൽകിയത്. സോഷ്യൽ മീഡിയയിലൂടെയാണ് പൃഥ്വിരാജ് ഈ വിവരം അറിയിച്ചത്.
ഉടൻതന്നെ കൂളിംഗ് ഗ്ലാസിൻറ്റെ ബ്രാൻഡും വിലയും കണ്ടെത്തുന്ന തിരക്കിലായി ഇരുവരുടെയും ആരാധകർ. വൈകാതെ തന്നെ മോഡലും വിലയുമൊക്കെ കണ്ടെത്തുകയും ചെയ്തു. ഡീറ്റാ എന്ന ലക്ഷ്വറി ഐ വെയർ ബ്രാൻഡിൻറ്റെ മാക്ക് ഫൈവ് എന്ന മോഡൽ ആയിരുന്നു മോഹൻലാലിൻറ്റെ സമ്മാനം. ഒന്നരലക്ഷം രൂപയോളമാണ് ഇതിൻറ്റെ വില.
മോഹൻലാലിൻറ്റെയും പൃഥ്വിരാജിൻറ്റെയും സുഹൃത്തായ സമീർ ഹംസയാണ് ഇൻസ്റ്റഗ്രാമിലൂടെ കൂളിംഗ് ഗ്ലാസ് ധരിച്ച പൃഥ്വിയുടെ ചിത്രവും വാർത്തയും പങ്കുവച്ചത്. കൂളിംഗ് ഗ്ലാസ് ധരിച്ച പൃഥ്വിരാജിൻറ്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഖുറേഷി അബ്രാം നിങ്ങൾക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോൾ എന്ന കാപ്ഷനോടെ കൂളിംഗ് ഗ്ലാസിൻറ്റെ ചിത്രം പൃഥ്വിരാജും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലൂസിഫറിനു ശേഷം പൃഥ്വിരാജും മോഹൻലാലും വീണ്ടുമൊന്നിച്ച ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് അടുത്തിടെ ആണ് പൂർത്തിയായത്. ഹൈദരബാദിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ബ്രോ ഡാഡിയിൽ അച്ഛനും മകനും ആയിട്ടാണ് ഇരുവരും എത്തുന്നത്. ആശിർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, ജഗദീഷ്, സൌബിൻ ഷാഹിർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രസകരമായ ഒരു കുടുംബചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡിക്കു പുറമേ എമ്പുരാൻ, ആറാട്ട്, മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്നീ ചിത്രങ്ങളും മോഹൻലാലിൻറ്റെ ഇനി റിലീസാകാനുണ്ട്.