അല്ലു അർജ്ജുൻ നായകനായി എത്തിയ പുഷ്പ വൻ വിജയമായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായതിൻറ്റെ സന്തോഷത്തിലാണ് ചിത്രത്തിലെ നായിക രശ്മിക മന്ദാനയും. ഇപ്പോൾ പുഷ്പയുടെ രണ്ടാം ഭാഗത്തിൻറ്റെ ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
മാർച്ചിൽ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് തന്നെ ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത് എന്നാണ് രശ്മിക പറയുന്നത്. ഇന്ത്യാ റ്റുഡേ വെബ്സൈറ്റനു നൽകിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യം വ്യക്തമാക്കിയത്.
2021 ഡിസംബർ 17 ന് ആയിരുന്നു ചിത്രത്തിൻറ്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. തിയേറ്റർ റിലീസിനു പിന്നാലെ ആമസോൺ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ക്രിസ്തുമസ് – ന്യൂ ഇയർ റിലീസ് ആയിട്ടാകും ചിത്രം എത്തുക.
അല്ലു അർജ്ജുൻറ്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം രശ്മികയുടെ കരിയറിലെയും ഏറ്റവും വലിയ ചിത്രമാണ്. ചിത്രം വൻ വിജയമായതോടെ തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും രശ്മികയുടെ താരമൂല്യം ഉയർന്നിരിക്കുകയാണ്.
ചിത്രത്തിൻറ്റെ രണ്ടാം ഭാഗത്തിനായി രശ്മിക പ്രതിഫലം കുത്തനെ ഉയർത്തിയെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ആദ്യ ഭാഗത്തിലെ അഭിനയത്തിന് രണ്ട് കോടി രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചത്. രണ്ടാം ഭാഗത്തിന് വേണ്ടി താരം ആവശ്യപ്പെട്ടിരിക്കുന്ന പ്രതിഫലം മൂന്ന് കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രശ്മികയുടെ ആവശ്യം ചിത്രത്തിൻറ്റെ നിർമ്മാതാക്കൾ അംഗീകരിച്ചു എന്നാണ് സൂചന. വാർത്തകൾ ശരിയാണെങ്കിൽ രശ്മികയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ചിത്രമാവും പുഷ്പ.