GENERAL NEWS

പ്രിയത്തിലെ നായിക ഇപ്പോൾ എവിടെയാണ് ? | Priyam Movie Actress Deepa

പ്രിയം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ. കുഞ്ചാക്കോ ബോബനും ദീപ നായരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു പ്രിയം. സിനിമ ഹിറ്റ് ആയിരുന്നെങ്കിലും ദീപ പിന്നെ മറ്റു ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചില്ല. വിവാഹശേഷം ഓസ്ട്രേലിയയിൽ താമസിക്കുകയാണ് താരം ഇപ്പോൾ. എന്നാൽ ദീപയെക്കുറിച്ചുള്ള ദർഗരാജ് ആർ സൂര്യ എന്ന ആരാധകൻറ്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറിപ്പ് വായിക്കാം.

ഇന്നത്തെ ചിത്രഗീതത്തിൽ ഇനി ഒരു പാട്ട് കൂടി കാണിക്കുമോ ? ഇപ്പോൾ തന്നെ സമയം എട്ട് മണിയോട് അടുക്കുന്നു. എട്ട് കഴിഞ്ഞാൽ പിന്നെ നിന്ന നിൽപ്പിൽ മലയാളക്കര ഭൂതല സംപ്രേക്ഷണവുമായി ഡൽഹിയിലോട്ട് പാലായനം ചെയ്യുന്ന നൊസ്റ്റു രാത്രികൾ. സംഭവം എൻറ്റെ പേര് ദൂര’ദർശൻ ‘ ചാനലിൽ നിന്ന് അടിച്ചുമാറ്റിയതൊക്കെ ഞാൻ സമ്മതിക്കുന്നു. എന്നാലും ഈ ചിത്രഗീതത്തിൻറ്റെ ഇടയിലെ പരസ്യം നിങ്ങൾ ദൂരദർശൻക്കാർക്ക് ഇച്ചിരി കൂടുതലാ. അപ്പോഴാണ് രാത്രി ഒരു 7.51 ആയപ്പോൾ ബിജു മേനോൻ ചേട്ടനും സംയുക്ത ചേച്ചിയും കൂടി മഴയിലെ പാട്ടിന് വേണ്ടി മഴയത്തിറങ്ങി കെട്ടിപ്പിടിക്കാൻ വന്നത്. ഇത് കണ്ടതും മാതാശ്രീ കലി കൊണ്ട് ഉറഞ്ഞു തുള്ളി.
ഞങ്ങൾ 90’s ലെ ചെക്കമ്മാരുടെ മിക്ക അമ്മമാരും ‘ഉണ്ണിയെ കണ്ടോ ഉണ്ണിയെ കണ്ടോ’ ടൈപ്പ് കവിയൂർ പൊന്നമ്മയൊന്നും അല്ല. അവർ മിക്കപ്പോഴും മേലേപ്പറമ്പിലെ ആൺവീട്ടിലെ ഭാനുമതി അമ്മയെ പോലെ തനി നാട്ടിൻ പുറത്തെ പ്രതീകം ആയിരിക്കും. പോയിരുന്ന് രണ്ട് അക്ഷരം പഠിക്കടാ ചെറുക്കാ, എപ്പോൾ നോക്കിയാലും ടിവിയുടെ മുമ്പിൽ. കണ്ണ് അടിച്ച് പോവുകയേ ഉള്ളൂ. മഴയത്തെ കെട്ടിപ്പിടുത്തം ഇപ്പോഴൊന്നും തീരില്ല എന്ന് കണ്ടതും ബുക്കും പെറുക്കി ഞാൻ നേരെ തെക്കേ പുരയിലോട്ട് വിട്ടു. ശേഷം അവിടെ ഇരുന്ന് തിങ്കളാഴ്ചത്തേക്കുള്ള ഹോം വർക്ക് ചെയ്യാൻ തുടങ്ങി. കൂട്ടിന് കൊച്ചുതുമ്പിയും കൂട്ടുകാരും അന്ത കാലത്ത് പാവങ്ങളുടെ ലേബർ ഇന്ത്യ ആയിരന്നു ഈ പറഞ്ഞ കൊച്ചുതുമ്പിയും കൂട്ടുകാരും. അപ്പോഴാണ് ചിത്രഗീതം തീരാൻ വെറും മിനിറ്റുകൾ മാത്രം ശേഷിക്കേ കട്ടുറുമ്പിൻറ്റെ കല്യാണം കൂടാൻ ചാക്കോച്ചനും പിള്ളേരും കൂടെ ഒരു ചേച്ചിയും വന്നത്. നോ ബോളിൽ ഔട്ടായി മടങ്ങുന്ന ബാറ്റ്സ്മാനെ അമ്പയർ തിരികെ വിളിക്കും പോലെ മാതാശ്രീ എന്നെ തിരിച്ചു വിളിച്ചു. വന്നിരുന്ന് കാണൂ. ഉള്ളത് പറയാലോ ആ പാട്ടിൽ ചാക്കോച്ചൻ ഉൾപ്പടെ അഞ്ച് പേര് ഉണ്ടായിരുന്നു. എങ്കിലും എൻറ്റെ കണ്ണ് ഉടക്കിയത് ആടി പാടി നടന്ന അതിലെ ചേച്ചിയിൽ തന്നെ ആയിരുന്നു. പുള്ളിക്കാരി അവാർഡുകൾ വാരി കൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനയത്രിയോ സൌന്ദര്യത്തിൻറ്റെ പര്യായം ആയ വീനസിൻറ്റെ രണ്ടാം ജമ്മമോ ഒന്നുമല്ല. പക്ഷേ എഴുതി അറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് ആ നായികയിൽ ഞാൻ കണ്ടു. കല്യാണം കഴിക്കുക ആണേൽ പ്രിയത്തിലെ നായികയെ അല്ലെങ്കിൽ ഓളെ പോലെ ഒരുവളെ എന്ന് മനസ്സിൽ റബ്ബർ ഇല്ലാത്ത പെൻസിൽ കൊണ്ട് വരച്ചിട്ട ദിനങ്ങൾ. പോരാഞ്ഞിട്ട് വീട്ടുകാർ ആയിട്ടു കാണിച്ചു തന്നതും. ജീവിതത്തിൽ ആദ്യമായി ഫ്ലെയിംസ് എഴുതി നോക്കിയതും ദാ ഈ ദീപ എന്ന പേര് എന്നോടൊപ്പം ചേർത്താണ്. സ്കൂളിലെ ബെഞ്ചിലും നോട്ട് ബുക്കിലും ഡിഡി മയം. അന്നും ഇന്നും ഇഷ്ട നായിക ആരെന്ന് ചോദിച്ചാൽ എൻറ്റെ ഉത്തരം ദീപ നായർ എന്നു മാത്രമാണ്. എസ്എസ്എൽസി പരീക്ഷ കാരണം പ്രിയം സിനിമ ചെയ്യാൻ ആവാതെ പോയ കാവ്യക്ക് ഈ അവസരത്തിൽ നന്ദി. സ്വന്തം കൂട്ടുകാരി ആയിട്ടും ഇന്നേ വരെ നേരിൽ കാണാൻ സാധിച്ചില്ല. പുള്ളിക്കാരി ഓസ്ട്രലിയയിൽ സുഖമായി ജീവിക്കുന്നു. പ്രിയം എന്ന സിനിമയുടെ റേഞ്ച് എന്താണെന്ന് ചോദിച്ചാൽ അതിനുത്തരം പ്രിയം സിനിമയുടെ യൂട്യൂബ് കമൻറ്റ്സ് നൽകും. പ്രയത്തിലെ നായിക ഇപ്പോൾ എവിടെയാണ്. ഇനി വിധി ഉണ്ടെങ്കിൽ നേരിൽ കാണാം ആറ്റിങ്ങൽ റൂട്ടിലെ ആർകെവി ബസിലെ സൈഡ് സീറ്റ്, പ്രിയത്തിലെ തന്നെ കുന്നിമണി കണ്ണഴകിൽ പാട്ടും. ഹാ നൊസ്റ്റാൾജി. ആ സ്റ്റോപ്പ് എത്തി. അല്ലേലും ബസ്സിനുള്ളിൽ ഇഷ്ടപ്പെട്ട പാട്ടുകൾ വരുമ്പോൾ സ്റ്റോപ്പ് എത്തുക നാട്ടുനടപ്പ് ആണല്ലോ.