CINEMA NEWS

പ്രിയദർശൻ ചിത്രത്തിൽ നായകനായി ഷെയ്ൻ നിഗം, ഒപ്പം അർജ്ജുൻ അശോകനും ഷൈൻ ടോം ചാക്കോയും.

യുവനടൻ ഷെയ്ൻ നിഗത്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ സംവിധായകൻ പ്രിയദർശൻ. ചിത്രത്തിൽ അർജ്ജുൻ അശോകനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വർഷങ്ങൾക്കു ശേഷമാണ് മലയാളത്തിലെ യുവതാരനിരയെ മുൻനിർത്തി പ്രിയദർശൻ ചിത്രമൊരുക്കുന്നത്.

മോഹൻലാൽ നായകനായി എത്തിയ മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്ന ചിത്രത്തിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഷെയ്ൻ നിഗത്തിനും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പമുള്ള പ്രിയദർശൻറ്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നിർമ്മാതാവ് എൻ എം ബാദുഷ ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

പ്രിയദർശൻറ്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസ് ആദ്യമായി നിർമ്മാണം ചെയ്യുന്ന ചിത്രം കൂടിയാണിത്. കൂടാതെ ബാദുഷ സിനിമസാസിൻറ്റെ ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നതും പ്രിയദർശൻ തന്നെ ആണ്.
ഈ വർഷം സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ സിദ്ദിഖ്, ജോണി ആൻറ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത് തുടങ്ങി വലിയൊരു താരനിരയും ഉണ്ട്. ചിത്രത്തിലെ നായികയ്ക്കു വേണ്ടിയുള്ള കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്ന് ചിത്രത്തിൻറ്റെ നിർമ്മാതാക്കൾ അറിയിച്ചു.

മരക്കാർ ആണ് പ്രിയദർശൻറ്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. ഉർവ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപ്പാത, അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഒരു ബോളിവുഡ് ചിത്രവുമാണ് ഇനി പ്രിയദർശൻറ്റെ സംവിധാനത്തിലെത്തുന്ന ചിത്രങ്ങൾ.