സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കെജിഎഫ് ചിത്രത്തിൻറ്റെ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കാനൊരുങ്ങുന്നത്. ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.
‘ടൈസൺ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. മുരളി ഗോപി ആണ് പുതിയ ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. മുരളി ഗോപി രചന നിർവഹിക്കുന്ന എട്ടാമത്തെ ചിത്രമാകും ഇത്. അതേസമയം പൃഥ്വിരാജിൻറ്റെ സംവിധാനത്തിലൊരുങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണ് ഇത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ടൈസൺ. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
എന്നാൽ ലൂസിഫറിൻറ്റെ രണ്ടാം ഭാഗമായ എമ്പുരാന് ശേഷമായിരിക്കും ടൈസൺറ്റെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുന്നത്. ഇതോടൊപ്പം ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൻറ്റെ ചിത്രീകരണവും പൃഥ്വിരാജിന് പൂർത്തിയാക്കേണ്ടതുണ്ട്.
ചിത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ഏതായാലും പുതിയ ചിത്രത്തിൻറ്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. കെജിഎഫ് ചിത്രത്തിൻറ്റെ നിർമ്മാതാക്കളുമായി ഒരുമിക്കുമ്പോൾ ഈ പ്രതീക്ഷ ഏറുകയാണ്. ഹൊംബാളെ ഫിലിംസുമായി പൃഥ്വിരാജ് മുമ്പും പ്രവർത്തിച്ചിട്ടുണ്ട്. കെജിഎഫ് 2 ൻറ്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു.
മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിലൂടെയാണ് പൃഥിരാജ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ്ബ് ചിത്രമായിരുന്നു ഇത്. മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചെത്തിയ ബ്രോ ഡാഡി ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം. ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിൻറ്റെ റിലീസ്.