CINEMA NEWS

പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു കെജിഎഫ് സംവിധായകൻറ്റെ ബിഗ് ബജറ്റ് ചിത്രത്തിലൂടെ

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറ്റെ അടുത്ത ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജും എത്തുന്നത്. സലാർ എന്ന പേരിൽ ഒരുക്കുന്ന ചിത്രം പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോഴിതാ പൃഥ്വിരാജും ചിത്രത്തിൻറ്റെ ഭാഗമാകുന്നു എന്ന വാർത്ത പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രഭാസ് തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. “സലാറിൽ ഞാനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മികച്ചൊരു നടനാണ് അദ്ധേഹം.” പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരം ഒരുക്കിയ അണിയറപ്രവർത്തകർക്ക് നന്ദിയുണ്ടെന്നും പ്രഭാസ് പറഞ്ഞു. പുതിയ ചിത്രം രാധേ ശ്യാമിൻറ്റെ പ്രചാരണത്തിൻറ്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോഴാണ് പ്രഭാസ് ഈ കാര്യം വെളിപ്പെടുത്തിയത്. നേരത്തെ താൻ ഒരു വലിയ ചിത്രത്തിൻറ്റെ ഭാഗമാവുന്നുണ്ടെന്നും അതിൻറ്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും പൃഥ്വിരാജും പറഞ്ഞിരുന്നു.

തെലുങ്കിനും കന്നഡയ്ക്കും പുറമേ മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലും മൊഴിമാറ്റി എത്തുന്നതാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ശ്രുതി ഹാസൻ നായികയായി എത്തുന്ന ചിത്രത്തിൽ ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. കെജിഎഫ് ഒന്നും രണ്ടും ഭാഗങ്ങൾ നിർമ്മിച്ച ഹോംബാലെ ഫിലിംസിൻറ്റെ ബാനറിൽ വിജയ് കിരഗണ്ടൂർ തന്നെയാണ് സലാറും നിർമ്മിക്കുന്നത്. ഹൈദരാബാദിൽ ആരംഭിച്ച ചിത്രത്തിൻറ്റെ ആദ്യ ഷെഡ്യൂൾ പാക്കപ്പ് ആയിരുന്നു. ഭുവൻ ഗൌഡയാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം രവി ബസ്രുറും നിർവ്വഹിക്കുന്നു.