പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. ചിത്രം സൂപ്പർഹിറ്റ് ആവുകയും ചെയ്തു. ഇപ്പോഴിതാ താൻ മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാൻ ആലോചിക്കുന്നുവെന്ന് സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. മകൾ അലംകൃത എഴുതിയ ഒരു ചെറുകഥയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. എന്നാൽ ഏതു സിനിമയാണെന്ന് പൃഥ്വി വ്യക്തമാക്കിയിട്ടില്ല.
ഈ ലോക്ക്ഡൌണിൽ ഞാൻ കേട്ട ഏറ്റവും മികച്ച വൺലൈനാണിത് എന്ന കുറിപ്പോടെയാണ് മകളുടെ കുഞ്ഞുകഥ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
“അമേരിക്കയിൽ ഒരു അച്ഛനും മകനും താമസിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം ഉണ്ടായപ്പോൾ അവർ ഒരു അഭയാർത്ഥി ക്യമ്പിലേക്ക് മാറി. അവിടെ രണ്ടു വർഷം താമസിച്ചു. യുദ്ധം അവസാനിച്ചപ്പോൾ അവർ വീട്ടിൽ മടങ്ങിയെത്തി. പിന്നെ സന്തോഷത്തോടെ ജീവിച്ചു. “ ഇതാണ് അല്ലിയുടെ മനോഹരമായ കുഞ്ഞു കഥ.
“ഈ മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഞാൻ മറ്റൊരു സ്ക്രിപ്റ്റ് തിരഞ്ഞെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു സിനിമ. അതെ വീണ്ടും ക്യാമറക്ക് പിന്നിൽ പ്രവർത്തിക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിക്കുന്നു. സിനിമയുടെ വിശദാശംങ്ങൾ ഉടൻ അറിയിക്കും” പൃഥ്വിരാജ് പറഞ്ഞു.
ലോക്ക്ഡൌൺ കാലം മകൾക്കും കുടുംബത്തിനും ഒപ്പം ചിലവഴിക്കുകയാണ് പൃഥ്വി. അല്ലിയുടെയും വീട്ടിലെയും വിശേഷങ്ങൾ പൃഥ്വി ഇടയ്ക്കിടക്ക് ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.കുരുതി, ആടുജീവിതം, കടുവ, ജനഗണമന, കോൾഡ് കേസ്, കറാച്ചി 81, ഭ്രമം, തീർപ്പ്, വാരിയംകുന്നൻ, സ്റ്റാർ, തീർപ്പ്, ബാറോസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടെ ഇനി പുറത്തുവരാനിരിക്കുന്നത്. 2021 ലും 2022 ലുമായി ഈ ചിത്രങ്ങൾ പുറത്തുവരുമെന്നാണ് സൂചന.