CINEMA NEWS

മെമ്മറീസിന് ശേഷം വീണ്ടും ജിത്തു ജോസഫ് ചിത്രത്തിൽ നായകനായി പൃഥ്വിരാജ്

സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ ചിത്രം മെമ്മറീസിന് ശേഷം ജിത്തു ജോസഫിൻറ്റെ സംവിധാനത്തിൽ വീണ്ടും നായകനായി പൃഥ്വിരാജ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻറ്റെ ധനസമാഹരണാർത്ഥം നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻറ്റെ വാർഷിക പൊതുയോഗത്തിലാണ് ചിത്രത്തിൻറ്റെ പ്രഖ്യാപനം ഉണ്ടായത്. ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിൻറ്റെ രചനയും നിർവ്വഹിക്കുന്നത്. അഭിഷേക് ഫിലിംസിൻറ്റെ ബാനറിൽ രമേശ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

ഇതിന് മുൻപ് പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. 2013ൽ റിലീസ് ചെയ്ത മെമ്മറീസും 2016ൽ പുറത്തിറങ്ങിയ ഊഴവും. മികച്ച പ്രതികരണമാണ് രണ്ട് ചിത്രങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ക്രൈം ത്രില്ലർ ജോണറിലാണ് രണ്ട് ചിത്രങ്ങളും ഒരുക്കിയിരുന്നത്.

അതേസമയം നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് ഇപ്പോൾ റിലീസ് കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം. ഇതിന് പുറമേ ആടുജീവിതം, തീർപ്പ് തുടങ്ങിയ നിരവധി ചിത്രങ്ങളിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. കൂടാതെ രണ്ട് ചിത്രങ്ങളും പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാനും, കെജിഎഫ് ടീമിന് ഒപ്പമുള്ള ടൈസണും.

12ത്ത് മാനാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ജിത്തു ജോസഫ് ചിത്രം. മോഹൻലാൽ നായകനായി എത്തിയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസിന് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.