ഇന്ന് മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ യുവ നടനാണ് പൃഥ്വിരാജ്. അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ തുടങ്ങി എല്ലാ മേഖലകളിലും തൻറ്റെ കഴിവു തെളിയിച്ച വ്യക്തി കൂടിയാണ് താരം. ഇന്ത്യയൊട്ടാകെ താരത്തിന് ആരാധകരുമുണ്ട്. മലയാള സിനിമക്കു പുറമേ നിരവധി ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്.
പൃഥ്വിയുടെ സിനിമ ജീവിതത്തിൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രമായിരുന്നു അയാളും ഞാനും തമ്മിൽ. ചിത്രത്തിൻറ്റെ ഒമ്പതാം വാർഷികത്തിൽ അദ്ദേഹത്തിനു ലഭിച്ച പുതിയ ഒരു നേട്ടത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്. പൃഥ്വിരാജ് വീണ്ടും ഒരു തെലുങ്ക് ചിത്രത്തിൻറ്റെ ഭാഗമാകാൻ ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
പ്രഭാസിനൊപ്പം സലാർ എന്ന ചിത്രത്തിലായിരിക്കും പൃഥ്വിരാജ് അഭിനയിക്കുന്നത്. 2010 ൽ പൊലീസ് പൊലീസ് എന്ന തെലുങ്ക് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പൃഥ്വിരാജിൻറ്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായിരിക്കും ഇത്.
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്. കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാല ഫിലിംസ് ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.ശ്രുതി ഹസൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ ജഗപതി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് സലാർ ഒരുങ്ങുന്നത്. എന്നാൽ പൃഥ്വിരാജിൻറ്റെ കഥാപാത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണങ്ങളൊന്നും വന്നിട്ടില്ല.
സലാറിൻറ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കുറച്ചു മാസങ്ങൾക്കു മുമ്പ് പൂർത്തിയാക്കിയിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം 2022 ഫെബ്രുവരിയോടെ പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സിനിമയുടെ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. 20 ശതമാനത്തോളം മാത്രം ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഭ്രമം ആണ് പൃഥ്വിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. ഇപ്പോൾ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.