CINEMA NEWS

പ്രേമത്തിന് രണ്ടാം ഭാഗം? നിവിൻ പോളിയുടെ സെൽഫി ഏറ്റെടുത്ത് ആരാധകർ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമം. സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ, സിജു വിൽസൺ, ഷറഫുദ്ദീൻ, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ നടൻ ഷറഫുദ്ദീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നിവിൻ പോളി, കൃഷ്ണ ശങ്കർ, സിജു വിൽസൺ, ശബരീഷ് കൂടാതെ പ്രേമം സിനിമയുടെ അണിയറപ്രവർത്തകരുമൊത്തുള്ള സെൽഫിയാണ് ഷറഫുദ്ദീൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പ്രേമം സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പാണോ എന്ന സംശയവുമായി ആരാധകരും ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ചിത്രത്തിൻറ്റെ പിന്നിലെ കാരണങ്ങൾ ഒന്നും ഇതുവരെയും ആരും പുറത്ത് വിട്ടിട്ടില്ല.

നിരവധി പുതുമുഖ താരങ്ങളെ സിനിമയിലേക്ക് സമ്മാനിച്ച ചിത്രമാണ് പ്രേമം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പാട്ടുകളുമെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 4 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഏകദേശം 60 കോടി കളക്ഷൻ നേടിയിരുന്നു. അൻവർ റഷീദിൻറ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണക്കമ്പനിയാണ് ചിത്രം പുറത്തിറക്കിയത്. ചിത്രത്തിലെ നായികമരായി എത്തിയ സായ് പല്ലവിയും, അനുപമ പരമേശ്വരനും, മഡോണ സെബാസ്റ്റ്യനും ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരാണ്.

പ്രേമം റിലീസായി ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഗോൾഡ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകനായി എത്തുന്നത്. നയൻതാര ആണ് ചിത്രത്തിലെ നായിക. നയൻതാരയും പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അജ്മൽ അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.